തൃശ്ശൂര്‍ : തൃശൂര്‍ പേരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു കുഴിച്ചു മൂടിയ അന്യസംസ്ഥാന യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം മന്‍സൂറിന്റെ മൃതദേഹം ഇവര്‍ താമസസ്ഥലത്തിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിടാന്‍ രേഷ്മയെ സഹായിച്ച ധീരു എന്നയാളും പിടിയിലായി.
ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവിനെ രേഷ്മ തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന് കണ്ടെത്തിയത്. രേഷ്മ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യാന്‍ രേഷ്മയെ സഹായിച്ചത് മന്‍സൂറിനെ ജോലിക്കാരനായ ധീരുവാണ്.
മന്‍സൂര്‍ മദ്യപിച്ചു വന്ന് ദിവസവും തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് രേഷ്മയുടെ മൊഴി. രാത്രി പന്ത്രണ്ടരയോടെയാണ് വഴക്കിനിടെ രേഷ്മ മന്‍സൂറിന്റെ തലയ്ക്ക് കമ്പിപ്പാര വച്ച് അടിച്ചത്. മന്‍സൂര്‍ ഉടന്‍ മരിച്ചു. സ്വര്‍ണ്ണപ്പണിക്കാരനായിരുന്നു കൊല്ലപ്പെട്ട മന്‍സൂര്‍. ഇയാളുടെ സഹായി ധീരുവും മന്‍സൂറിനും ഭാര്യക്കും ഒപ്പമായിരുന്നു താമസം. കൊലപാതകത്തിന് ശേഷം മന്‍സൂറിന്റെ ശരീരം കുഴിച്ചിടാന്‍ ധീരു രേഷ്മയെ സഹായിച്ചുവെന്നാണ് മൊഴി.കൃത്യത്തിനു ഉപയോഗിച്ച കമ്പിപ്പാരയും കൈക്കോട്ടും പോലീസ് കണ്ടെടുത്തു. മൃതദേഹം തിങ്കളാഴ്ച രാവിലെ പുറത്തെടുക്കുമെന്ന് പോലീസ് പറഞ്ഞു.