തിരുവനന്തപുരം : ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന അമ്മാവൻ ബാലരാമപുരം കോട്ടുകാൽക്കോണം വാറു വിളാകത്ത് വീട്ടിൽ ഹരികുമാറിനെ ഇന്നലെ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചില്ല. കോടതിയിൽ മാനസിക അസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനാൽ മാനസികരോഗ വിദഗ്ധന്റെ സർട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇന്ന് വീണ്ടും ഡോക്ടറുടെ മുന്നിൽ ഹാജരാക്കും.
കസ്‌റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാർ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വ്യാജ രേഖ ചമയ്ക്കലിനും സാമ്പത്തിക തട്ടിപ്പിനും അറസ്‌റ്റിലായി അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്നലെ അപേക്ഷ നൽകിയില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പത്തോളം പരാതികളിൽ ശ്രീതുവിന്‍റെ അമ്മ ശ്രീകലയെ നെയ്യാറ്റിൻകര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലിയുടെ നിയമന ഉത്തരവ് നൽകി ബാലരാമപുരം നെല്ലിവിള സ്വദേശിയായ ജെ.ഷിജുവിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ശ്രീതു റിമാൻഡിൽ കഴിയുന്നത്.