കല്‍പ്പറ്റ : പനമരം നെല്ലിയമ്പത്ത് വൃദ്ധദമ്പതിമാര്‍ മുഖമൂടി സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഉന്നത ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു മാസം പിന്നിട്ടിട്ടും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ അടക്കം ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ധീഖ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിയാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയാണ് റിട്ടയർ അധ്യാപകന്‍ കേശവനും ഭാര്യ പത്മാവതിയും അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയില്‍ ഇരുവരും താമസിക്കുന്ന വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കേശവനും പിന്നാലെ പത്മാവതിയും മരിച്ചു.
മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്നു ദമ്പതികളെ മുഖംമൂടിയണിഞ്ഞെത്തിയ രണ്ട് പേര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം നടന്ന് അധികം വൈകാതെ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രധാന റോഡില്‍ നിന്ന് അല്‍പ്പം മാറി ആളൊഴിഞ്ഞ ഭാഗത്തുള്ള ഇരുനില വീട്ടിലായിരുന്നു വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. വീടിന്റെ മുകള്‍ നില വഴിയോ മറ്റോ എത്തിയതായിരിക്കാം അക്രമികള്‍ എന്നാണ് പോലീസ് നിഗമനം. കേശവനെ ആക്രമിക്കുന്നത് കണ്ട് പത്മാവതി അലറിവിളിച്ചതിനെ തുടര്‍ന്നാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്. ഇതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ പനമരം, കേണിച്ചിറ, മാനന്തവാടി സ്‌റ്റേഷനുകളില്‍ നിന്നായി വന്‍ പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി തെരഞ്ഞിട്ടും അക്രമികളെ കണ്ടെത്താനായിരുന്നില്ല. പനമരം നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍. ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്.