മൂവാറ്റുപുഴ: അടൂപ്പറമ്പിൽ രണ്ട് അസം സ്വദേശികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അന്വേഷണത്തിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. മൂവാറ്റുപുഴ, കോതമംഗലം ഇൻസ്പെക്ടർമാരും മൂവാറ്റുപുഴ സബ് ഇൻസ്പെക്ടറും അടക്കമുള്ളവർ അന്വേഷണ സംഘത്തിലുണ്ട്. കൊല്ലപ്പെട്ട അസം സ്വദേശികളായ മൊഹൻതോക്കും ദീപങ്കറിനും ഒപ്പം തടിമില്ലിലെ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന ഒഡിഷ സ്വദേശി ഗോപാൽ മല്ലിക്കിനെ കണ്ടെത്തുന്നതിന് അന്വേഷണ സംഘം ഒഡിഷ ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ടു.
അഞ്ചംഗ സംഘമാണ് പോയിരിക്കുന്നത്. സംഭവശേഷം മൊഹൻതോയുടെയും ദീപങ്കറിന്റെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഇവരുടെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. ഫോണുകൾ പ്രവർത്തിക്കുന്നില്ല. ഇവ ഗോപാൽ കൊണ്ടുപോയെന്ന നിഗമനത്തിലാണ് പോലീസ്. ഗോപാൽ ചില സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഓൺലൈനിൽ വിവിധ സാധനങ്ങൾ വാങ്ങുകയും ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായും നാട്ടുകാരിൽ ചിലർ പോലീസിനോടു വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.