തൃശൂര്‍ : സ്കൂള്‍ളില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. എന്നാല്‍ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ സ്വദേശി അന്‍വര്‍ അലിയെയാണ് (25) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 13ന് രാവിലെ ഗവ.മോഡല്‍ ബോയ്സ് സ്കൂള്‍ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. പല കേസുകളില്‍ പ്രതിയാണ് അജയകുമാര്‍. വഴിയോരത്ത് ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പോലീസ് നിഗമനം.
സ്കൂള്‍ വരാന്തയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നഗരത്തിലെ വ്യാപാരികളോടും ടാക്സി ഡ്രൈവര്‍മാര്‍ അടക്കമുള്ളവരോട് അന്വേഷിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് മരിച്ചയാള്‍ അജയകുമാറെന്ന് തിരിച്ചറിഞ്ഞത്. സ്കൂളിന് പിറകില്‍ നിന്ന് ഇയാളുടെ വസ്ത്രവും കണ്ണടയും കണ്ടെത്തിയിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയില്‍ രക്തം പതിഞ്ഞ കാല്‍പ്പാടും ഉണ്ടായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും കഴുത്തിലും വാരിയെല്ലുകള്‍ക്കും പരുക്കേറ്റതായും വ്യക്തമായിരുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്കു പോലീസ് എത്തിയത്.