പാറശാല : വനിതാ ഡോക്ടറെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പാറശാല ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളേജ് റോഡില്‍ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്.
റോഡരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നില്‍ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.
കണ്ണുകള്‍ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകള്‍ അടക്കം കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ‘ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.