തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത ഏഴ് പേരെയും വിട്ടയച്ചു. സംശയം തോന്നിയ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. എന്നാല്‍ പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. ഇതോടെയാണ് ഇവരെ വിട്ടയച്ചത്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇരുട്ടില്‍ത്തപ്പുകയാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ വിശദമായാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും ഒരാളല്ലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
സംശയമുള്ള ചിലര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിക്കിടെയാണ് വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. യുവതിയെ ആക്രമിച്ചയാള്‍ ഉയരമുള്ള ശാരീരികക്ഷമതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. കുറവന്‍കോണത്ത് വീട്ടില്‍ കയറാന്‍ ശ്രമിച്ചയാളുടെ ശരീരഘടന വ്യത്യസ്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനം.
അതേസമയം കുറവന്‍കോണത്തെ ആദ്യ ദൃശ്യങ്ങളുമായി പ്രതിക്ക് സാമ്യമെന്നാണ് ആക്രമിക്കപ്പെട്ട യുവതി പറയുന്നത്. മ്യൂസിയത്തില്‍ നടന്ന സംഭവത്തിന് തൊട്ടുമുന്‍പ് പുലര്‍ച്ചെയാണ് കുറവന്‍കോണത്തെ വീട്ടില്‍ കയറി ജനല്‍ ചില്ല് തകര്‍ത്തത്. യുവതിയുടെ വിദേശത്തുള്ള ഭര്‍ത്താവാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് വിവരം അറിയിച്ചത്. രാത്രി പലവട്ടം ഒരാള്‍ വീടിന് സമീപം എത്തി. രാത്രി 11.30ഓടെ എത്തിയ ആള്‍ പിന്നെ പുലര്‍ച്ചെ എത്തി പൂട്ട് തകര്‍ത്തു എന്നാണ് കുറവന്‍കോണത്തെ വീട്ടമ്മ പറയുന്നത്. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുള്ള ആള്‍ക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്നാണ് മ്യൂസിയത്തിന് സമീപം ആക്രമിക്കപ്പെട്ട യുവതി പറയുന്നത്. 3.30 മണിക്ക് ശേഷം അക്രമി നന്ദന്‍കോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം.