പത്തനംതിട്ട : ജില്ലയിൽ പ്രളയ ബാധിതർക്കു വിതരണം ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ പതിനൊന്നര ലക്ഷം രൂപയില്‍ ഏഴര ലക്ഷം രൂപ സ്വന്തം കുടുംബക്കാരുടെ പേരിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മാറ്റിയെടുത്തതായി സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എം. മുഹമ്മദ് സാലി ആരോപിച്ചു.
പ്രളയ ഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അംഗത്വവും സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെയ്ക്കുന്നതായി എം. മുഹമ്മദ് സാലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2018 ലെ പ്രളയബാധിത ജില്ലകളിൽ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട ജനങ്ങൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന കമ്മിറ്റി പ്രവർത്തകരിൽ നിന്നും പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത തുകയിൽ ഒന്നാം ഗഡുവായി 11.5 ലക്ഷം രൂപ ജില്ലാ കമ്മിറ്റിക്കു കൈമാറിയിരുന്നു. നിയോജക മണ്ഡലം കമ്മിറ്റികൾ തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റ് പ്രകാരം ഏറ്റവും അർഹരായവർക്ക് തുക വിതരണം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ മണ്ഡലം കമ്മിറ്റി അറിയാതെയാണ് റാന്നി സ്വദേശിയായ ജില്ലാ ജനറൽ സെക്രട്ടറിയുടെ അടുത്ത ബന്ധുക്കളുടെ പേരിൽ ഏഴര ലക്ഷം രൂപ മാറ്റിയെടുത്തത്.
ആറന്മുള, അടൂർ , തിരുവല്ല മണ്ഡലങ്ങളിലായി ഏകദേശം 4 ലക്ഷം രൂപയോളം വിതരണം ചെയ്തു. എന്നാൽ മുസ്ലിം ലീഗ് റാന്നി മണ്ഡലത്തിൽ പ്രളയത്തിനു നേരിട്ട് ഇരയായി കടക്കെണിയിലായ പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അവഗണിച്ചാണ് ജനറൽ സെക്രട്ടറിയുടെ ബന്ധുക്കളുടെ പേരിൽ തുക മാറ്റിയെടുത്തത് എന്നാണ് ആരോപണം.
ഇതു സംബന്ധിച്ച് 2019 മുതൽ സംസ്ഥാന കമ്മറ്റിക്കും ജില്ലാ കമ്മിറ്റിക്കും കത്തു നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും തെറ്റുതിരുത്താനോ അന്വേഷണം നടത്താനോ ജില്ലാ പ്രസിഡന്റ് തയ്യാറായില്ല. ജില്ലാ പ്രസിഡന്റിന്റെ അറിവോടെയാണ് ഈ തുക ജനറൽ സെക്രട്ടറി സ്വന്തക്കാരുടെ പേരിൽ മാറ്റിയെടുത്തതെന്ന് എം. മുഹമ്മദ് സാലി പറഞ്ഞു.
ഇതിനെ തുടർന്ന് ജില്ലാ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് വിഷയം അന്വേഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും ഒന്നര വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ദുരിതാശ്വാസ നിധി പോലും തട്ടിയെടുക്കുന്ന ജില്ലാ ജനറൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഒപ്പം പ്രവർത്തിക്കാൻ മനസാക്ഷി അനുവദിക്കാത്തതിനാലാണ് രാജി വെയ്ക്കുന്നത്. ഗൗരവതരമായ ആരോപണമുന്നയിച്ച് പാണക്കാട് ഹൈദരാലി തങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നേതാക്കൾക്കും പരാതി നൽകിയിട്ടും ഒരന്വേഷണവും ഉണ്ടായില്ലെന്ന് എം. മുഹമ്മദ് സാലി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിലെ ചില നേതാക്കളുടെ ഒത്താശയോടെയാണ് ഫണ്ട് വെട്ടിച്ചത് എന്നു മനസിലായ സാഹചര്യത്തിലാണ് രാജി വെയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള പൊതുപ്രവർത്തനം നാഷനലിസ്റ്റ് കോൺസ് പാർട്ടി (NCP) യുമായി ചേർന്നു നിന്നാവുമെന്ന് എം.മുഹമ്മദ് സാലി അറിയിച്ചു. ദേശീയ തലത്തിൽ ബി.ജെ.പി. വിരുദ്ധ ചേരിയിലെ ഏറ്റവും പ്രധാന കക്ഷി എന്ന നിലയിലാണ് എന്‍.സി.പിയിൽ ചേരാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ദൗത്യത്തിൽ എന്‍.സി.പിക്ക് നിർണ്ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.