തിരുവനന്തപുരം : മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനെതിരേ ചന്ദ്രഹാസമിളക്കുന്ന മുസ്‌ലിം ലീഗ് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവർക്ക് സംവരണാനുകൂല്യം ലഭിക്കാനുള്ള ഭരണഘടനാഭേദഗതിയാണ് നടപ്പാക്കുന്നത്. പാവപ്പെട്ടവർക്ക് സംവരണത്തിന് അർഹതയില്ലെന്ന് വാദിക്കരുത്. മാനദണ്ഡങ്ങളിൽ അപാകം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘‘മുസ്‌ലിം ലീഗിന്റെ എതിർപ്പ് രസാവഹമാണ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗെന്നാണ് ആ പാർട്ടിയുടെ പേര്. അതിന്റെ ആദ്യഭാഗം ഇന്ത്യൻ യൂണിയൻ എന്നാണ്. ഇന്ത്യൻ യൂണിയനിൽ കേരളം വിട്ടാൽ എവിടെയാണ് മുസ്‌ലിങ്ങൾക്ക് മുഴുവനും സംവരണമുള്ളത്? മറ്റ് സംസ്ഥാനങ്ങളിൽ മുസ്‌ലിങ്ങളിൽ ചെറിയ വിഭാഗത്തിനുമാത്രമേ സംവരണമുള്ളൂ’’- അദ്ദേഹം പറഞ്ഞു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്ന പ്രയോഗം മാറ്റി സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണം എന്നാണ് പറയേണ്ടത്. കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭൂരിപക്ഷം മുസ്‌ലിങ്ങളും സംവരണേതര വിഭാഗത്തിലാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം അവർക്കും ലഭിക്കും.
ഹിന്ദുക്കളിലും ക്രൈസ്തവരിലും മറ്റെല്ലാ മതസ്ഥരിലും മുന്നാക്കവിഭാഗത്തിൽ പെട്ടവരുണ്ട്.
ഒരു മതത്തിലുംപെടാത്ത, ജാതിയും മതവും ഇല്ലാത്ത കൂട്ടരും നമ്മുടെ നാട്ടിലുണ്ട്. അവരും ഈ തീരുമാനത്തോടെ സംവരണാനുകൂല്യത്തിന് അർഹതയുള്ളവരായി മാറും.ഇതൊരു പുതിയകാര്യമാണ്. മുന്നാക്കക്കാരിലെ ഏറ്റവും പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിശ്ചയിച്ചിട്ടുള്ളത്. നിലവിലുള്ളത് നഷ്ടപ്പെടുമെന്ന ആശങ്ക ചിലർ പടർത്താൻ ശ്രമിക്കുന്നു. നിലവിലുള്ള സംവരണത്തിൽ ആർക്കും നേരിയശതമാനംപോലും നഷ്ടപ്പെടില്ല -മുഖ്യമന്ത്രി പറഞ്ഞു.