മലപ്പുറം: ഇറാനെ ആക്രമിച്ച ഇസ്രായൽ നിലപാട് അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന് മുസ്ലിം ലീഗ്. ഇസ്രായേൽ ഉയർത്തുന്നത് ഭീഷണിയാണെന്നും ഇറാൻ്റേത് പ്രതിരോധമാണെന്നും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇസ്രായേൽ വിഷയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രായേൽ ചെയ്യുന്നത് അന്താരാഷ്ട്ര മര്യാദയ്ക്ക് എതിരാണെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി. അക്രമത്തിന് തുടക്കമിടുന്നത് ഇസ്രായേലാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി.
നിലമ്പൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണപരാജയം മറച്ചുവെക്കാനാണ് മുസ്ലിം ലീഗിനെ വിമർശിച്ചതെന്ന് സാദിഖലി തങ്ങൾ വിമർശിച്ചു. മുൻപ് വെൽഫയർ പാർട്ടി ഇടതു പക്ഷത്തിന് ഒപ്പമായിരുന്നുവെന്നും ഇപ്പോൾ അവരാണ് നിലപാട് മാറ്റിയതെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി. നിലമ്പൂരിൽ യു ഡി.എഫിന് വലിയ മുന്നേറ്റമാണുള്ളത്. ഭരണവിരുദ്ധ വികാരം യു.ഡി.എഫിൻ്റെ മുന്നേറ്റത്തിന് ഒരു കാരണമാണ്. സെമി ഫൈനലിലെ മുന്നേറ്റം ഫൈനലിലെ വിജയത്തിന് മുതൽകൂട്ടാവുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.