സുല്‍ത്താന്‍ ബത്തേരി : മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കാനന സവാരിക്ക് ഇനി ബസുകള്‍. വ്യാഴാഴ്ച മുതല്‍ രണ്ട് ബസുകള്‍ ഓടിത്തുടങ്ങി. വലിയ എതിര്‍പ്പുകള്‍ അതിജീവിച്ചാണ് ബസുകള്‍ കാട്ടുപാതയിലൂടെ ഓടിക്കാനായത്. ജീപ്പുകള്‍ പൂര്‍ണമായി പിന്വലിച്ചിട്ടില്ലെങ്കിലും താമസിയാതെ തീരുമാനമുണ്ടാകുമെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് കെ.പി. സുനില്‍ കുമാര്‍ പറഞ്ഞു.
50 ലക്ഷത്തോളം മുടക്കിയാണ് വനം വകുപ്പ് രണ്ട് ബസുകള്‍ വാങ്ങിയത്. രണ്ട് മാസത്തിലേറെയായി ബസുകള്‍ ആനപ്പന്തിക്ക് സമീപം വിശ്രമത്തിലായിരുന്നു. വര്‍ഷങ്ങളായി കാനനയാത്ര സര്‍വിസ് നടത്തിയിരുന്ന 29 ടാക്സി ജീപ്പുകാര് തൊഴില്‍ നഷ്ടപ്പെടുമെന്ന പേടിയില്‍ ബസിനെതിരെ തിരിഞ്ഞതാണ് പ്രശ്നമായത്. ടാക്സി ഡ്രൈവര്‍മാരുടെ യൂണിയനുകളുമായി വനം വകുപ്പ് നിരവധി ചര്‍ച്ചകള്‍ നടത്തി.
ഒടുവിലത്തെ തീരുമാനമനുസരിച്ച് ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ധാരണയായിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ജീപ്പ് വനംവകുപ്പ് വാടകക്ക് എടുത്തോടും. അല്ലാതെ ജീപ്പ് ഓടാന്‍ അനുവദിക്കില്ല. ജീപ്പ് ഓടാത്ത ദിവസങ്ങളില്‍ ഡ്രൈവര്‍മാര്‍ വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യണം. എത്രകാലം വേണമെങ്കിലും ജോലിയില്‍ തുടരാം.
രണ്ട് ബസുകള്‍കൂടി അടുത്തുതന്നെ എത്തിക്കുന്നുണ്ട്. അതോടെ ജീപ്പ് പൂര്‍ണമായി പിന്‍വലിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ബസില്‍ 22 പേര്‍ക്കും ജീപ്പില്‍ ഏഴുപേര്‍ക്കുമാണ് യാത്ര ചെയ്യാനാവുക. പുതുക്കിയ ചാര്ജനുസരിച്ച് ബസിലാണെങ്കിലും ജീപ്പിലാണെങ്കിലും ഒരാളില്‍നിന്ന് 300 രൂപ വീതമാണ് ഈടാക്കുക. മറ്റ് ഫീസുകളൊന്നുമില്ല. ജീപ്പ് ഒരുസഞ്ചാരിക്ക് മാത്രമായി ഓടിക്കാനും വനംവകുപ്പ് തയാറാണ്. ഇതിനായി 2000 രൂപ ഈടാക്കും. യാത്ര ഒന്നര മണിക്കൂറിനടുത്ത് വരും. വ്യാഴാഴ്ച അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലായിരുന്നു ബസുകളുടെ ഫ്ലാഗ്ഓഫ്.