കോഴഞ്ചേരി : കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ആശുപത്രി പരിസരത്ത് പാര്‍ക്കിംഗ് ഇല്ലെന്ന് പരാതി. ഡോക്ടറെ കാണുവാന്‍ ഒറ്റയ്ക്ക് വാഹനം ഓടിച്ചു വരുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ആശുപത്രി മുറ്റത്ത് വാഹനം എത്തിയാലുടന്‍ സെക്യൂരിറ്റി അടുത്തുവന്ന് സമീപത്തുള്ള സ്വകാര്യ പാര്‍ക്കിംഗ് സ്ഥലം ചൂണ്ടിക്കാണിക്കും.
ചെളിക്കുണ്ടായി കിടക്കുന്ന ഇവിടെ കാറും ഓട്ടോയും പാര്‍ക്ക് ചെയ്യുവാന്‍ 20 രൂപ വാങ്ങും. ബൈക്കിന് 15 രൂപയും. സകലതിനും ഫീസും നല്‍കി ഡോക്ടര്‍മാരെ കാണാന്‍ മണിക്കൂറുകള്‍ ക്യൂവും നിര്‍ത്തുന്ന ആശുപത്രിയിലാണ് പൊതുജനങ്ങള്‍ക്ക് ഈ ദുരവസ്ഥ. ആശുപത്രി സൌജന്യമായി ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലത്തെക്കുറിച്ച് സെക്യൂരിറ്റി ആരോടും പറയാറില്ല. അതുകൊണ്ടുതന്നെ മുത്തൂറ്റ് ആശുപത്രി മാനേജ്മെന്റ് സ്വകാര്യ വ്യക്തികളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ക്കിംഗിന്റെ പേരില്‍ ഈ “മൊത്തം ഊറ്റല്‍ ” നടക്കുന്നതെന്നാണ് ആരോപണം.
ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയ മുഴുവന്‍ ഇപ്പോള്‍ ചെറിയ ഷെഡുകളും അനുബന്ധ നിര്‍മ്മാണങ്ങളുമാണ്. പാര്‍ക്കിംഗ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത് ആശുപത്രിയില്‍ നിന്നും മുന്നൂറിലധികം മീറ്റര്‍ മാറിയാണ്. ഒരു റോഡ് മുറിച്ചുകടന്നുവേണം ഇവിടെയെത്താന്‍. സൌജന്യ പാര്‍ക്കിംഗ് ഇവിടെ ലഭിക്കുമെങ്കിലും മിക്കവര്‍ക്കും ഇത് ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നുവെന്നാണ് പരാതി.
ബഹുനിലകെട്ടിടങ്ങള്‍ക്ക് നിയമം അനുശാസിക്കുന്ന പാര്‍ക്കിംഗ് സ്ഥലം അനിവാര്യമാണ്. പ്രത്യേകിച്ച് ആശുപത്രികള്‍ക്ക്. എന്നാല്‍ ആശുപത്രി മുറ്റത്ത് രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇവിടെ അനുവദിക്കില്ല. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ നിന്നും ചികിത്സക്കായി വന്‍തുക ഈടാക്കുമ്പോള്‍ ആശുപത്രിയുടെ സമീപം ഒരു പാര്‍ക്കിംഗ് പോലും ക്രമീകരിച്ചു നല്‍കുവാന്‍ മുത്തൂറ്റ് ഗ്രൂപ്പ് തയ്യാറാകുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ഒരു യുവാവ് തനിക്കുണ്ടായ ദുരനുഭവം ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിമിഷനേരംകൊണ്ട് നൂറുകണക്കിന് ഷെയറുകള്‍ പോയി. ഈ പോസ്റ്റിലും ആശുപത്രിയെയും അവിടുത്തെ സാഹചര്യത്തെയും ന്യായീകരിക്കുവാന്‍ ചിലരെത്തി. ബഹുഭൂരിപക്ഷവും അവിടുത്തെ ജീവനക്കാരോ അവരുടെ സുഹൃത്തുക്കളോ ആയിരുന്നു എന്നതാണ് സത്യം. പ്രതികരിക്കുന്നവരെ കൂട്ടമായി നേരിട്ട് നിശബ്ദരാക്കുക എന്ന തന്ത്രമാണ് ഇവിടെയും ഉപയോഗിച്ചത്.