കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ഒരു മാസം തികയും മുമ്പേ വനം വകുപ്പിനെതിരെ ആരോപണം ഉയര്‍ന്നു. മുട്ടില്‍ മരം മുറി കേസ് വിവാദമായതോടെ സര്‍ക്കാരിന്റെ ആദ്യ ‘വീഴ്ച’ റിപ്പോര്‍ട്ട് പുറത്ത്. മരം മുറി കേസില്‍ റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതാണെന്ന് സമ്മതിക്കുന്ന വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്.
ഇതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ വീഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അതേപാതയിലാണോ രണ്ടാം സര്‍ക്കാരിന്റെയും ഭരണമെന്നാണ് ചോദ്യമുയരുന്നത്. അഴിമതികള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ വീഴ്ച പറ്റിയെന്നു സ്ഥിരം പല്ലവിയായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. അതിന്റെ തുടകമാണോ ഇതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
ഒക്ടോബറില്‍ വന്ന വിവാദ ഉത്തരവ് കൃത്യമായി നടപ്പായോ എന്ന നിരീക്ഷിക്കുന്നതിലും വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് റവന്യൂ വകുപ്പാണെങ്കിലും ഇക്കാര്യം പരിശോധിക്കാനുള്ള ഉത്തരവാദിത്തം വനം വകുപ്പിനുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വകുപ്പിനെതിരെയായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ച 15 കോടിയുടെ ഈട്ടിത്തടി വിട്ടുകൊടുക്കാനും ആരോപണവിധേയരായ രണ്ടുപേരെ രക്ഷിക്കാനും ശ്രമം നടത്തിയത് എന്‍സിപിയുടെ ഉന്നതനായിരുന്നു. ഒരു പ്രമുഖ ചാനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ആരോപണവിധേയരില്‍ ഒരാളെന്ന് പറയപ്പെടുന്നു.
മുട്ടില്‍ ഈട്ടിമരം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊള്ളയെ സഹായിക്കാനെന്ന് പ്രതിപക്ഷ ആരോപണം കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ – വിജിലന്‍സ് മേധാവിയുമായ ഗംഗാ സിംഗിനെ ചുമതലപ്പെടുത്തി. മരം മുറി കേസ് മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇന്നലെ വനം മന്ത്രി എ.കെ.ശശീന്ദ്രന് സെക്രട്ടറി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് കാര്യമായ വീഴ്ച പറ്റിയെന്നാണ് പറയുന്നത്.