കല്‍പറ്റ: മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍. 2020-21 ല്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് ചൂണ്ടിക്കാട്ടി. അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കെ.എല്‍.സി. കേസുകള്‍ ബുക്ക് ചെയ്തു. കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി വിചാരണ നടത്തിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു
മരംമുറി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ 61 കേസുകളും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 14 കേസുകളും കണ്ടെത്തി. അനധികൃതമായി മുറിച്ച 186 മരങ്ങള്‍ കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിച്ചിരുന്നു. എത്തിക്കാന്‍ സാധിക്കാത്ത മരങ്ങള്‍ കച്ചീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ്, വനം വകുപ്പുകള്‍ കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളിലും (75 കേസുകള്‍) കെ.എല്‍.സി കേസുകള്‍ ബുക്ക് ചെയ്യുകയും കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മരങ്ങള്‍ മുറിച്ച കക്ഷികള്‍ക്കെതിരെ കെ.എല്‍.സി നടപടികള്‍ പ്രകാരം പിഴ ചുമത്തുന്നതിനായി മരങ്ങളുടെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.