കൊച്ചി : മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയായ റോജി അഗസ്റ്റിൻ മുങ്ങിയെന്ന് അന്വേഷണ സംഘം. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. രാത്രി 10:30 ന് ഇയാൾ എറണാകുളം കളമശ്ശേരി ഭാഗത്ത് വന്ന് പോയതായും അന്വേഷണ സംഘത്തിന് വിവരമുണ്ട്. പ്രതികളുടെ ജാമ്യഹർജി ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പ്രതികൾക്കെതിരെ 701ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് നടക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതികൾക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജ്ജിതമാക്കിയത്. ക്രൈം ബ്രാഞ്ചും വനംവകുപ്പുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. നിലവിൽ റോജി മുങ്ങി എന്ന പ്രാഥമികവിവരം മാത്രമാണ് അന്വേഷണസംഘം നൽകുന്നത്.
മുട്ടിൽ മരംമുറി കേസിൽ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ചത്. പട്ടയ രേഖകൾ പ്രകാരം മുറിച്ച് മാറ്റിയ ഈട്ടി മരങ്ങൾ സർക്കാരിൽ നിക്ഷിബ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിലെ നിയമവ്യവസ്ഥ ലംഘിച്ച് സർക്കാർ ഉത്തരവിറക്കിയതിലും കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായാണ് സംഭവത്തിൽ കോടതി വിമർശിച്ചത്. നിയമം മുൻകാല പ്രാബല്യത്തിൽ ഭേദഗതി ചെയ്യാൻ കഴിയമായിരുന്നല്ലോയെന്നും എന്നിട്ടും ചട്ടം ലംഘിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.