കോഴിക്കോട് : വിവാദമായ മുട്ടിൽ മരംമുറി സംഭവത്തിൽ റവന്യൂ വകുപ്പ് ഇറക്കിയ അനുമതി ഉത്തരവ് വനം വകുപ്പിന്റെ എതിരഭിപ്രായം മറികടന്നാണെന്ന് കണ്ടെത്തി. മരം മുറിക്കാൻ നിയമവകുപ്പിന്റെ അനുമതി വേണമെന്ന നിർദ്ദേശം തള്ളിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
മരം മുറിയ്ക്ക് അനുകുലമായ നീക്കമുണ്ടായത് 2020 മാർച്ചിലാണ്. ഇതു സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി വേണു പുറപ്പെടുവിച്ച സർക്കുലറിൽ പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ചന്ദനമല്ലാത്ത മരങ്ങൾ മുറിക്കാമെന്ന് വ്യക്തമാക്കുന്നു. ഈ സർക്കുലറിലെ അവ്യക്തത ചൂണ്ടിക്കാട്ടി പല ജില്ലാ കളക്ടർമാരും സർക്കാരിനെ സമീപിച്ചു. 6 മാസത്തോളം നീണ്ട ഫയൽ നീക്കത്തിനിടെ വി വേണുവിന് പകരം പ്രിൻസിപ്പൽ സെക്രട്ടറിയായ എ ജയതിലക് എതിർപ്പറിയിച്ചെങ്കിലും ഭരണതലത്തിൽ നിന്നും സമ്മർദ്ദമേറി.
തുടർന്നാണ് 2020 ഒക്ടോബറിൽ സർക്കുലർ, സർക്കാർ ഉത്തരവാക്കി വിശദമാക്കി ഇറക്കിയത്. ഒപ്പുവെച്ചത് പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് ആണ് . ഈ ഉത്തരവിൽ മരം മുറിയെ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പുതിയൊരു വിശദീകരണം കൂട്ടിച്ചേർത്തു. 1964ലെ ഭൂപതിവ് ചട്ട പ്രകാരം ഉദ്ധരിച്ചാണ് ഉത്തരവ്. പതിച്ച് നൽകിയ ഭൂമിയിൽ നിന്നും കർഷകർ വെച്ച് പിടിപ്പിച്ച മരങ്ങൾ മാത്രമല്ല. ഭൂമി ലഭിക്കുന്ന സമയത്ത് വില അടച്ച് രജിസ്റ്റർ ചെയ്ത മരങ്ങൾ കൂടി മുറിക്കാമെന്നും പറയുന്നു. അതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലന്നും എ ജയതിലകിന്റെ ഉത്തരവിലുണ്ട്. ഇങ്ങിനെ മരം മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി ചേർത്തതോടെ മരം കൊള്ളക്കാർക്കും അവർക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ എളുപ്പമായി. മരങ്ങൾ നിർബാധം മുറിച്ചു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു പ്രമുഖ സിപിഐ നേതാവടക്കം ഇത് വനം റവന്യൂ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ 2021 മാർച്ച് 11ന് പഴയ GO റദ്ദാക്കി പുതിയ ഉത്തരവിറങ്ങി. ഒക്ടോബറിൽ ഇറങ്ങിയ ഉത്തരവിന്റെ മറപിടിച്ചാണ് മരം മുറിച്ചതെന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും പറയുന്നുണ്ട്. മരം മുറി ലക്ഷ്യമിട്ട് 2019 അവസാനം രൂപികരിച്ച കമ്പനി തന്നെയാണ് വയനാട്ടിലും തൃശൂരമടക്കമുള്ള കർഷകരുടെ പ്രശ്നമായി വിഷയം സർക്കാരിന് മുമ്പാകെ എത്തിച്ചത്. കർഷകരുമായി ഇതിന് മുമ്പേ തന്നെ കമ്പനി മരം മുറിക്കാനുള്ള ധാരണ ഉണ്ടാക്കിയിരുന്നു.