തിരുവനന്തപുരം : കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ പരസ്യമായി വിമര്‍ശിച്ച് വിമതസ്വരമുയര്‍ത്തിയ എ.വി.ഗോപിനാഥ് പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയതോടെയാണ് പാര്‍ട്ടി ചുമതല നല്‍കാനുളള നീക്കം.
കെപിപിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് രണ്ടുദിവസത്തിനുളളില്‍ പ്രഖ്യാപനമുണ്ടാകും. ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ അവഗണിക്കപ്പെട്ടെന്ന എ.വി.ഗോപിനാഥിന്റെ പരാതിയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചിന്തിപ്പിച്ചത്. പട്ടാമ്പി സീറ്റ് നല്‍കാമെന്ന് നേതാക്കള്‍ അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല തന്റെ താല്‍പര്യമെന്ന് കെ.സുധാകരനെ ഗോപിനാഥ് അറിയിച്ചു.
മുതിര്‍ന്ന നേതാക്കളുമായുളള കൂടിയാലോചനയ്ക്ക് ശേഷം രണ്ടുദിവസത്തിനുളളില്‍ തീരുമാനമുണ്ടാകുമെന്ന കെ. സുധാകരന്റെ ഉറപ്പില്‍ ഗോപിനാഥിന് പ്രതീക്ഷയുണ്ട്. ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കുമെന്നാണ് വിവരം. പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചാല്‍ എല്ലാവരെയും ഒപ്പം ചേര്‍ത്ത് കൊണ്ടുപോകുമെന്നാണ് ഗോപിനാഥിന്റെ ഉറപ്പ്.
ഡിസിസി അധ്യക്ഷനായ വി.കെ.ശ്രീകണ്ഠന്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട്ടെ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയൊരാള്‍ വേണമെന്ന് ഏറെ നാളായി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഒന്നരമാസം മുന്‍പ് എ.വി.ഗോപിനാഥിന്റെ പേര് എഐസിസിയുടെ മുന്നിലെത്തിയെങ്കിലും പ്രഖ്യാപനമുണ്ടായില്ല. അവഗണിക്കാനാണ് നീക്കമെങ്കില്‍ തനിക്ക് തന്റേതായ വഴിയുണ്ടെന്ന് ഗോപിനാഥ് തുറന്നടിച്ചതോടെയാണ് നേതൃത്വം ഇടപെട്ടത്.