കളമശേരി : കോണ്‍ഗ്രസ് പടിപടിയായി ബിജെപിയാകുന്നതിന്‍റെ ഉദാഹരണമാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സില്‍ സവര്‍ക്കറുടെ ചിത്രം വന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത് യാദൃച്ഛികമല്ല. വര്‍ഗീയതയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി സിപിഐ എം കളമശേരിയില്‍ സംഘടിപ്പിച്ച ബഹുജനറാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ അധികാരവും കേന്ദ്രത്തിനു കീഴിലെത്തിച്ച് ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജിഎസ്‌ടി ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ അതിന്‍റെ ഭാഗമാണ്. കേന്ദ്രത്തിന്‍റെ മുതലാളിത്ത നയത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്നു. അതിനു ബദലാണ് കേരള മോഡല്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയോടെ ജീവിക്കാനാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
തെറ്റായ കേന്ദ്രനയങ്ങളെ ചെറുത്ത് കേരളത്തെ മുന്നോട്ടുനയിക്കുകയാണ് സിപിഐ എമ്മും എല്‍ഡിഎഫും. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ഉയര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. ജനാധിപത്യശക്തികളെ ഒരുമിച്ചുനിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് ഇറക്കിയില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്‌മണി, ഗോപി കോട്ടമുറിക്കല്‍, എസ് സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം പി പത്രോസ്, എം സി സുരേന്ദ്രന്‍, സി ബി ദേവദര്‍ശനന്‍, പുഷ്പ ദാസ്, ടി സി ഷിബു, ആര്‍ അനില്‍കുമാര്‍, ഏരിയ സെക്രട്ടറി കെ ബി വര്‍ഗീസ്, ടി ടി രതീഷ് എന്നിവര്‍ സംസാരിച്ചു.