തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പ് ഉത്തരവിൽ എതിർപ്പ് പരസ്യമാക്കി മന്ത്രി എം വി ഗോവിന്ദൻ. ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെ ബാധിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പറയുന്നത്.
അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് രാജ് നിയമപ്രകാരം പണം വിനിയോഗിക്കാൻ സ്വാതന്ത്രം ഉണ്ട്. ധനവകുപ്പ് ഉത്തരവിൻ്റെ നിയമസാധുത പരിശോധിക്കുമെന്നും തദ്ദേശ വകുപ്പ് മന്ത്രി സഭയിൽ രേഖാമൂലം മറുപടി നൽകി.
തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന ഉത്തരവിൽ ഉറച്ച് നിൽക്കുകയാണ് ധനവകുപ്പ്. ട്രഷറി നിയന്ത്രണങ്ങൾ ഈ അക്കൗണ്ടിന് ബാധകമല്ലെന്ന് കാണിച്ച് ധനവകുപ്പ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിനപ്രവർത്തനങ്ങളെ അടക്കം നീക്കം ബാധിക്കുമെന്നായിരുന്നു തദ്ദേശ വകുപ്പിൻ്റെ ആശങ്ക. എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും സ്പെഷ്യൽ ട്രഷറി സേവിങ് അക്കൗണ്ട് സാധാരണ ബാങ്ക് അക്കൗണ്ട് പോലെ പ്രവർത്തിക്കുന്നതാണെന്നുമാണ് ധനവകുപ്പ് വിശദീകരണം. നിയന്ത്രണങ്ങൾ ഇതിന് ബാധകമാകില്ലെന്നും ഉറപ്പ് നൽകുന്നു.
സംസ്ഥാനത്തെ ഗുരുതരസാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ധനവകുപ്പിന്റെ കുറുക്ക് വഴിയാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലെത്തിക്കുകയെന്നത്. 2011ൽ യുഡിഎഫ് സർക്കാരാണ് തനത് ഫണ്ട് തദ്ദേശസ്ഥാനപങ്ങൾക്ക് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ അനുമതി നൽകിയത്. കെട്ടിട നികുതി, തൊഴിൽ നികുതി, കെട്ടിടവാടക എന്നിവയാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്.