തിരുവനന്തപുരം: ജനകീയ നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ 100 ജന്മദിനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ ആശംസകൾ നേർന്നു. നൂറിന്റെ നിറവിലെത്തിയ വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികൾക്കും ഒപ്പം ആരോഗ്യവും സന്തോഷവും നേരുന്നതായാണ് എം വി ഗോവിന്ദൻ ആശംസാ സന്ദേശത്തിൽ പറഞ്ഞത്.
എം വി ഗോവിന്ദൻ്റെ ആശംസ
നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികൾക്കും ഒപ്പം ആരോഗ്യവും സന്തോഷവും നേരുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമാണ്. അതിൽത്തന്നെ സിംഹഭാഗവും സജീവമായി രാഷ്ട്രീയ നേതൃനിരയിൽ നിറഞ്ഞുനിൽക്കുക എന്നതും അധികം സംഭവിക്കുന്ന കാര്യമല്ല. നൂറു വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്.
ദരിദ്ര ചുറ്റുപാടിൽ ജനിച്ച്, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട് പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി. ജീവിതം കരുപ്പിടിപ്പിക്കാൻ പതിനൊന്നാം വയസ് മുതൽ അധ്വാനിക്കേണ്ടി വന്ന ആൾ. ആസ്പിൻ വാൾ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആലപ്പുഴയിൽ സഖാവ് പി കൃഷ്ണപിള്ളയെ കാണാനിടയായതും കൃഷ്ണപിള്ളയുടെ യോഗങ്ങളിൽനിന്ന് ലഭിച്ച ബോധ്യങ്ങളുമാണ് വി എസിനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വഴികളിലേക്ക് എത്തിച്ചത്.
കൃഷ്ണപിള്ള നൽകിയ പാഠങ്ങൾ വി എസിനെ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു കരുത്തു പകർന്നു. പിന്നീട് കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യമായി. അവിടെ നിന്നാണ് തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകൃതമാകുന്നത്. ഇതു പിന്നീട് കർഷക തൊഴിലാളികളുടെ ഏറ്റവും വലിയ സമര സംഘടനയായ കേരളാ സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയനായും തുടർന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനായും വളർന്നു പന്തലിക്കുകയും ചെയ്തു. കർഷകത്തൊഴിലാളികളുടെ വർഗ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുന്നതിൽ വി എസ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
ഈ സമരാനുഭവങ്ങളുടെയെല്ലാം കരുത്തിൽ നിന്നാണ് കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വി എസ് എന്ന നേതാവ് ഉയർന്നുവന്നത്. ഐതിഹാസികമായ പുന്നപ്ര-വയലാർ സമര സംഘാടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പോലീസ് തെരഞ്ഞുകൊണ്ടിരുന്നതു കൊണ്ട് പാർട്ടി നിർദേശപ്രകാരം വി എസ് കോട്ടയത്തേക്കും പിന്നീട് അവിടെനിന്ന് പൂഞ്ഞാറിലേക്കും പോയി. ഇവിടെ ഒളിവിലിരിക്കുമ്പോഴാണ് അദ്ദേഹം പോലീസ് പിടിയിലായതും തുടർന്ന് പോലീസിന്റെ മൂന്നാം മുറയ്ക്ക് വിധേയനാകുന്നതും. പിന്നെ ഏറെ നാളത്തെ ജയിൽ ജീവിതം.
1956 നവംബർ ഒന്നിന്റെ കേരളപ്പിറവി, 1957 ഏപ്രിൽ 5 ന് ലോകത്തെയാകെ വിസ്മയിപ്പിച്ചു കൊണ്ട് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരത്തിലെത്തിയത് എന്നിവയ്ക്കെല്ലാം അദ്ദേഹം സാക്ഷിയായി. 1964 ൽ പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ വലതുവ്യതിയാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന കേരളത്തിലെ ഏക സഖാവാണ് വി എസ്. സിപിഐ എം സംസ്ഥാന സെക്രട്ടറി, നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച വി എസ് എന്ന വിപ്ലവകാരിക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ഹൃദയത്തിൽ സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകൾ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.