തിരുവനന്തപുരം: കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയെ മരണശേഷവും വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസ് തന്നെയാണെന്നും മരണശേഷവും വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് പിന്നിലും ഇതെ ലക്ഷയമായിരുന്നെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.
സോളാര്‍ കേസിനു പിന്നിലും കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കളായിരുന്നു സോളാര്‍ കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടുവന്ന ആരോപണം പുതുപ്പള്ളി വിജയത്തിന്റെ തിളക്കം ഇല്ലാതാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതിന് പിന്നിലും കോണ്‍ഗ്രസ് നേതാക്കളാണെന്നും സോളാര്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയുടെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു.