തിരുവനന്തപുരം: ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാൽ മന്ത്രിമാർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നുമുള്ള ഗവർണറുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല.ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്.’ എം വി ഗോവിന്ദൻ പറഞ്ഞു. ആർ. എസ്. എസ് ആണ് താനെന്ന് സ്വയം പറഞ്ഞയാളാണ് കേരളത്തിലെ ഗവര്‍ണര്‍ എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്റിലൂടെ പറഞ്ഞത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്.
ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാകില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി പിഡിടി ആചാരി പ്രതികരിച്ചു. ‘pleasure of the governor’ എന്നത് വാചകാർത്ഥത്തിൽ എടുക്കരുതെന്നും ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരുന്നു. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ അന്തസ് കെടുത്തുന്ന രീതിയിലുള്ള നിലപാടെടുത്താൽ പിൻവലിക്കുമെന്ന് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. വലിയ രാഷ്ട്രീയ ചർച്ചകളാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയുണ്ടാകുന്നത് .