കണ്ണൂർ : കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിമര്‍ശനവുമായി സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കെ.സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വെട്ടിക്കലിന് ഉത്തരവാദിയല്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് എം.വി ജയരാജന്‍ പറഞ്ഞു. മോന്‍സണുമായി സുധാകരന് അവിഹിതവും അന്യായമായ ബന്ധവുമുണ്ട്. മോന്‍സണ്‍ വ്യാജഡോക്ടറാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് കെ.സുധാകരന്‍ പോലീസില്‍ പരാതി നല്‍കുന്നില്ലെന്നും എം.വി ജയരാജന്‍ ചോദിച്ചു.
‘മോന്‍സണെ സുധാകരന് വ്യക്തിപരമായി അറിയാം. മോന്‍സണിന്റെ വീട്ടില്‍ സുധാകരന്‍ പോകുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ വെട്ടിപ്പിന് താന്‍ ഉത്തരാവാദിയല്ല എന്ന വാദം ഇപ്പോഴും സുധാകരന്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചര്‍മബലം കാണ്ടാമൃഗത്തെക്കാള്‍ വലുതായിരിക്കണം’ എന്നും എം.വി ജയരാജന്‍ വിമര്‍ശിച്ചു.
മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്നാണ് വിവാദങ്ങള്‍ക്കിടെ ഇന്നലെയും കെ.സുധാകരന്‍ പ്രതികരിച്ചത്. തന്റെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്നത്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോള്‍ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.