കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെയ്പ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല. മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ് അതിന് തുടക്കം കുറിച്ചത്. വെടിവെപ്പിന് മുമ്പ് റവാഡ എം വി രാഘവനെ കണ്ടുവെന്ന പരാതി തങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും എം വി ജയരാജൻ പറയുന്നു. വെടിവെപ്പിന് ദിവസങ്ങൾക്കു മുമ്പ് ചാർജെടുത്ത റവാഡയ്ക്ക് കൂത്തുപറമ്പിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അറിയില്ലായിരുന്നു.
പ്രതിഷേധ സ്വഭാവത്തെ കുറിച്ച് റവാഡ തന്നോട് അന്ന് വന്ന് തിരക്കിയിരുന്നുവെന്നും കരിങ്കൊടി കാണിച്ച് പിരിയുമെന്ന് മറുപടി നൽകിയിരുന്നുവെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം വി ജയരാജൻ പറഞ്ഞു. ഡിജിപി നിയമനം സംബന്ധിച്ച ചട്ടവും മാനദണ്ഡവും സുപ്രീംകോടതി വിധിയും അനുസരിച്ചാണ് സംസ്ഥാന മന്ത്രിസഭ പോലീസ് മേധാവിയെ തീരുമാനിച്ചതെന്നും എം വി ജയരാജൻ ലേഖനത്തിൽ പറയുന്നു. എല്ലാം വിവാദമാക്കുന്ന ചിലരാണ് ഈ നിയമവും വിവാദമാക്കുന്നതെന്ന് എം വി ജയരാജൻ വിശദീകരിച്ചു.