കൊച്ചി : നാവികസേനയ്ക്കു കൊച്ചിയിലേക്ക് ചരക്കുമായെത്തിയ എം.വി മയ 1 എന്ന റഷ്യന്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് അറസ്റ്റ് ചെയ്തിടാന്‍ ഹൈക്കോടതി ഉത്തരവ്. എസ്റ്റോണിയയിലെ ഇന്ധനക്കമ്പനി കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവിട്ടത്. ഇന്ധനം വാങ്ങിയ വകയില്‍ 18.68 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നാരോപിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം കപ്പല്‍ നിലവിലുള്ള തുറുഖത്തെ നിര്‍ദ്ദിഷ്ട കോടതിയില്‍ ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യാനാവും. ഈ നിയമവ്യവസ്ഥയനുസരിച്ചാണ് എസ്റ്റോണിയന്‍ കമ്പനി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കപ്പല്‍ കൊച്ചി തുറമുഖത്താണ് നങ്കൂരമിട്ടതെന്ന് കണ്ടെത്തിയാണ് ഇന്ധന കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കപ്പല്‍ തടഞ്ഞിട്ടെങ്കിലും ആയുധങ്ങള്‍ ഇറക്കുന്നതിനോ ചരക്കു നീക്കത്തിനോ തടസമുണ്ടാവില്ല. റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്നാണ് ഇന്ധനതുക കുടിശ്ശിക വന്നതെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ വിശദീകരിച്ചു. ഇന്ധനതുക കുടിശ്ശികയ്ക്കു തുല്യമായ തുക കെട്ടിവച്ചാല്‍ കപ്പലിന് തീരം വിടാനാകും.