മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 180 സീറ്റുകളിലും മഹാ വികാസ് അഘാഡി സഖ്യം വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട്. 125 സീറ്റുകളില്‍ ശിവസേന(യുബിടി)യും എന്‍സിപി(ശരദ് പവാര്‍)യുമായി സമവായത്തിലെത്തിയതായും അഹമ്മദ്‍നഗറില്‍ തോറാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ 36 മുംബൈ സീറ്റുകളില്‍ അഞ്ചെണ്ണത്തിന് എംവിഎ കക്ഷികളാരും അവകാശവാദമുന്നയിച്ചില്ല. ബിജെപി എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മലബാർ ഹിൽ, വിലെ പാർലെ, ചാർകോപ്, ബോറിവാലി, മുളുണ്ട് എന്നിവയാണ് ആ മണ്ഡലങ്ങള്‍. ബാക്കി സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ അടുത്ത യോഗങ്ങളിൽ നടക്കുമെന്ന് തോറാട്ട് വ്യക്തമാക്കി. രണ്ടോ മൂന്നോ യോഗങ്ങൾ ഇതിനകം നടന്നെങ്കിലും ഗണേശോത്സവത്തിന് ശേഷം എല്ലാവരുടെയും സമ്മതത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ആഗസ്ത് 24ന് ചേര്‍ന്ന ആദ്യയോഗത്തില്‍ മുംബൈയിലെ സീറ്റുകളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ശിവസേനയും (യുബിടി) കോൺഗ്രസും മുംബൈയിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ യോഗത്തിൽ ശിവസേന (യുബിടി) മുംബൈയിൽ 36ൽ 18-20 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി വിജയിച്ച സീറ്റുകളിലും ഒന്നിലധികം സ്ഥാനാർഥികൾക്ക് താൽപര്യമുള്ള സീറ്റുകളിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കോൺഗ്രസ് 14-16 സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ ശരദ് പവാര്‍ വിഭാഗം അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ വരെ ചോദിച്ചിട്ടുണ്ട്.
മുംബൈ സീറ്റുകളിൽ 99% സമവായത്തിലെത്തിയതായി ശിവസേന(യുബിടി) നേതാവ് സഞ്ജയ് റാവത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരു പാർട്ടിക്ക് തന്നെ ദീർഘകാല എംഎൽഎമാർ ഉള്ള സീറ്റുകൾ പ്രസ്തുത പാര്‍ട്ടിക്ക് തന്നെ നല്‍കാനാണ് സാധ്യത. എംഎൽഎമാർ പാർട്ടി വിട്ട സ്ഥലങ്ങളിൽ ഏറ്റവും ശക്തമായ സാന്നിധ്യമുള്ള പാർട്ടിക്ക് സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. അതേസമയം എംവിഎയിൽ ചേരാൻ എഐഎംഐഎമ്മിന് താൽപര്യമുണ്ടെന്ന് മുൻ എംപി ഇംതിയാസ് ജലീൽ പറഞ്ഞതായും വൃത്തങ്ങൾ അറിയിച്ചു.എന്നാൽ, എഐഎംഐഎം നശീകരണ ശക്തിയാണെന്നും അങ്ങനെയൊരു നിർദേശം പാർട്ടി തങ്ങളോട് ഉന്നയിച്ചിട്ടില്ലെന്നും ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 85 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ അവകാശപ്പെട്ടു. കോൺഗ്രസിന് കൂടുതൽ ഉത്തേജനം നൽകുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കൂടുതല്‍ റാലികൾ നടത്താൻ പാർട്ടി മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ പാർട്ടികളും ഇത്തരം സർവേകൾ നടത്തുന്നു. 150 സീറ്റുകളിൽ നടത്തിയ സർവേയിൽ ഞങ്ങൾ 85 സീറ്റുകൾ നേടുമെന്ന് കാണിക്കുന്നു. മഹാ വികാസ് അഘാഡി ഒരുമിച്ച് പോരാടുകയും മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നല്ല ഭരണം ഉറപ്പാക്കുകയും ചെയ്യും,” വഡേത്തിവാര്‍ കൂട്ടിച്ചേര്‍ത്തു.