പത്തനംതിട്ട : ഹെൽമെറ്റില്ലാതെ പിടിക്കപ്പെടുന്നവർക്ക് ആശുപത്രി സേവനം നിർബന്ധമാക്കുന്നുവെന്ന് സംബന്ധിച്ച പ്രചരണങ്ങളിൽ വിശദീകരണവുമായി മോട്ടോർവാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ അക്കാര്യം പറയുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് നിർദ്ദേശങ്ങളൊന്നും സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വകുപ്പ് പറയുന്നു .
ഇക്കാര്യത്തിൽ ഇതുവരെ സംസ്ഥാനത്ത് അത് നടപ്പിലാക്കിയിട്ടില്ല. എന്നാൽ കേന്ദ്ര നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. എത്രയും പെട്ടെന്ന് കേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.
അതേസമയം സംസ്ഥാന വ്യാപകമായി വാഹന പരിശോധനകൾ ശക്തമാക്കുമെന്നാണ് മോട്ടോർവാഹന വകുപ്പ് അറിയിക്കുന്നത്. ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ ഇനി പരിശോധനകൾ വ്യാപകമാക്കും. ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ വ്യാപകമാണെന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നുമാണ് വകുപ്പ് പറയുന്നത്.
ലൈസൻസ്, ഹെൽമെറ്റ് തുടങ്ങി നിയമത്തിൽ നിഷ്കർഷിക്കുന്ന കാര്യത്തിൽ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ല. സേഫ് കേരള എന്ന പ്രോഗ്രാമിന്റെ ഭാഗമായാകും പരിശോധനകളും വ്യാപകമാക്കുക. ഉൾപ്രദേശങ്ങളിലുൾപ്പെടെ ക്യാമറകളും മറ്റ് അത്യാധുനിക സംവിധാനങ്ങളുമുൾപ്പെടെയുള്ള സന്നാഹങ്ങളുമായി ഇനിമുതൽ പരിശോധനയുണ്ടാകും. ജനുവരിയോടെ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ കൂടി സജ്ജമാകുന്നതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുണമെന്നാണ് മോട്ടോർവാഹന വകുപ്പ് ഉദ്ദേശിക്കുന്നത്.