തിരുവനന്തപുരം: അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍വാടകയ്ക്ക് നൽകുന്നവർക്കും, അത് വാങ്ങി ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. എം വി ഡിക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. അന്വേഷണത്തിൽ ദുരുപയോഗം നടന്നതായി തെളിഞ്ഞാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. കളർകോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നും, സ്വകാര്യ വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതാണ് പ്രശ്നമെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു.
ഈ വാഹനങ്ങളിൽ സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ എത്തിക്കുന്നതും നിയമവിരുദ്ധമാണ്. റെൻറ് എ കാർ എന്ന നിലയിൽ സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമാണെന്നും, മോട്ടോര്‍ വാഹന നിയമപ്രകാരം ‘റെൻറ് എ ക്യാബ്’ എന്ന സംവിധാനം ഉണ്ടെന്നും എം വി ഡി അറിയിക്കുന്നു. ഇതിലൂടെ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കോ, സ്ഥാപനത്തിനോ 50ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളും, മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം. മോട്ടോർ ബൈക്ക് വാടകയ്ക്ക് നൽകുന്നതിനായി റെൻറ് എ മോട്ടോർ സൈക്കിൾ സ്‌കീം ഉപയോഗിക്കാം. ഇതിനായി ചുരുങ്ങിയത് 5 മോട്ടോർ ബൈക്കുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമായി രജിസ്റ്റർ ചെയ്തരിക്കണം.
രജിസ്‌ട്രേഷൻ നമ്പർ എഴുതേണ്ടത് കറുപ്പില്‍ മഞ്ഞ നിറത്തിലാണ്. റെൻറ് എ ക്യാബ് പദ്ധതിയിൽ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തണം.