തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ വീണ്ടും വരാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി. പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്ന് കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ രാഷ്‌ട്രീയമാണ് ഇനി കേരളത്തിൽ ഉണ്ടാകുക. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. തൃപ്രയാറിനെ കേരളത്തിന്റെ അയോദ്ധ്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മഹത്തായ പാരമ്പര്യത്തിന്റെ നാടാണ് കേരളം എന്ന് പറഞ്ഞു.
വിഷുദിനത്തിൽ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയിൽ രാജ്യത്തിന്റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. ആയുഷ് മാൻ ഭാരത് പദ്ധതി പ്രകാരം 73 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ചികിത്സ സഹായം ലഭിച്ചത്. 70 വയസിന് മുകളിലുള്ള എല്ലാവർക്കും ഇനി പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കും, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകളാണ് കേരളത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.