പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16ന് ആരംഭിക്കും. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ സാംസ്‌കാരിക-കലാ പരിപാടി, സെമിനാര്‍, കരിയര്‍ ഗൈഡന്‍സ്, കാര്‍ഷിക പ്രദര്‍ശന വിപണന മേള, സ്റ്റാര്‍ട്ടപ്പ് മിഷന്‍, കാരവന്‍ ടൂറിസം ഏരിയ, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്പോര്‍ട്സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, പോലീസ് ഡോഗ് ഷോ, കായിക- വിനോദ പരിപാടികള്‍ എന്നിവ മേളയിലുണ്ട്. സൗജന്യ സര്‍ക്കാര്‍ സേവനം ലഭ്യമാക്കും. 1500 ചതുരശ്രയടിയിലുള്ള പൂര്‍ണമായും ശീതികരിച്ച മിനി തിയേറ്റര്‍ ഷോയാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലുള്ള സിനിമകള്‍ ഉള്‍പ്പെടെ സൗജ്യനമായി വീക്ഷിക്കാം. ജര്‍മന്‍ ഹാംഗറില്‍ നിര്‍മിച്ച 71,000 ചതുരശ്രയടി പവലിയനാണ് മേളയ്ക്കുള്ളത്. 65 ചതുരശ്രയടിയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളുണ്ട്. വിവിധ രുചിക്കൂട്ടുകളുമായി കുടുംബശ്രീ മെഗാ ഭക്ഷ്യമേള ഒരുക്കും. 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. മേയ് 22 വരെയാണ് മേള. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം. മേളയോടനുബന്ധിച്ച് വിവിധ നിയോജക മണ്ഡലങ്ങളില്‍ സഞ്ചരിക്കുന്ന എല്‍ഇഡി വോളിന്റെ യാത്ര പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ വികസന നേട്ടം വിശദീകരിക്കുന്ന വാഹനയാത്ര കഴിഞ്ഞ ദിവസം കളക്ടറേറ്റ് അങ്കണത്തില്‍ നിന്നാണ് ആരംഭിച്ചത്. ആറന്മുള, അടൂര്‍, തിരുവല്ല, കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് യാത്ര.