മല്ലപ്പള്ളി : താലൂക്കിലെ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് പഞ്ചായത്തിലെ എല്ലാ ഭൂവുടമകൾക്കും ഡിജിറ്റൽ സർവെ പ്രകാരം തയ്യാറാക്കിയ ഭൂരേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിന് ഏപ്രിൽ 10 വരെയുള്ള പ്രത്യേക അവസരം പ്രയോജനപ്പെടുത്തണമെന്ന് എൻ്റെ ഭൂമി ഡിജിറ്റൽ സർവേ ഓഫീസർ അറിയിച്ചു.
1961ലെ കേരള സർവെ അതിരടയാള നിയമം, വകുപ്പ് 9(2) പ്രകാരമുള്ളതാണ് ഈ അവസരം. എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10.30 മുതൽ നാലു വരെ പെരുമ്പെട്ടി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിൽ ഇതുവരെ തയ്യാറാക്കിയ റിക്കാർഡുകളുടെ പ്രദർശനം നടക്കും.
കൊറ്റനാട് പഞ്ചായത്തിലെ ഡിജിറ്റൽ സർവേ റിക്കാർഡുകൾ പരിശോധിച്ചിട്ടില്ലാത്ത എല്ലാ ഭൂവുടമകളും കരം അടച്ച രസീത്, പ്രമാണം, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത ചെയ്യുവാനുള്ള മൊബൈൽ ഫോൺ എന്നിവയുമായി എത്തിചേർന്ന് അവരവരുടെ ഭൂരേഖകൾ പരിശോധിച്ച് തയ്യാറാക്കിയിട്ടുള്ള സർവെ രേഖകൾ ശരിയാണോയെന്ന് ബോധ്യപ്പെടേണ്ടതാണ്. ഭൂമി സംബന്ധമായ സർക്കാർ, സർക്കാരിതര സേവനങ്ങൾക്ക് ഭാവിയിലുണ്ടാകാനിടയുള്ള കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് ഈ അവസരം വിനിയോഗിക്കേണ്ടതാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ നടപ്പായിവരുന്ന സർക്കാർ പദ്ധതിയായ എൻ്റെ ഭൂമി പ്രോജക്ടിൻ്റെ ഭാഗമായാണ് ഡിജിറ്റൽ ലാൻഡ് സർവെ നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ മിക്ക സേവനങ്ങളും ഓൺലൈനിൽ സുഗമമായി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ക്യാമ്പ് ഒഫീസർ അറിയിച്ചു.