പത്തനംതിട്ട : മൈലപ്ര ബാങ്ക് സെക്രട്ടറിയായിരിക്കേ കോടികളുടെ ക്രമക്കേട് നടത്തിയ കേസില്‍ അറസ്‌റ്റിലായ ജോഷ്വാ മാത്യു സ്വന്തം ബന്ധുക്കളെയും പറ്റിച്ചുവെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ക്രൈംബ്രാഞ്ചിന്‍റെ കസ്‌റ്റഡിയിലുള്ള ജോഷ്വാ മാത്യുവിന്‍റെ ബന്ധുക്കളുടെ വീടുകളിലും ബിനാമി നിക്ഷേപമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ബന്ധുക്കള്‍ക്ക് വസ്‌തു ഈട് നല്‍കി മൈലപ്ര ബാങ്കില്‍ നിന്ന് വായ്‌പ അനുവദിച്ചതില്‍ അവര്‍ അറിയാതെ കൂടുതല്‍ തുക എടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ശനിയാഴ്‌ച രാവിലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എ. അബ്‌ദുള്‍ റഹിമിന്റെ നേതൃത്വത്തില്‍ അഞ്ചിടത്താണ് അന്വേഷണ സംഘം റെയ്‌ഡ് നടത്തിയത്. ജോഷ്വയുടെ മകളുടെ ഭര്‍തൃമാതാവ് പത്തനംതിട്ട നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേഴ്‌സി വര്‍ഗീസ്, ജോഷ്വയുടെ സഹോദരി, ഭാര്യയുടെ സഹോദരി ഓമന എന്നിവരുടെ വീടുകളിലും അടൂരിലെ ഫാക്‌ടറിയിലും പത്തനംതിട്ടയിലെ മറ്റൊരു സ്ഥാപനത്തിലുമാണ് പരിശോധന നടന്നത്.
അടൂരിലെ ഫാക്‌ടറി തട്ടിപ്പുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇവര്‍ക്ക് മൈലപ്ര ബാങ്കില്‍ നിന്ന് ജോഷ്വാ മാത്യു വായ്‌പ നല്‍കിയിരുന്നു. ഇത് കൃത്യമായി തിരിച്ചടച്ചിട്ടുമുണ്ട്. സ്വന്തം സഹോദരിയുടെയും ഭാര്യാ സഹോദരിയുടെയും പേരില്‍ ജോഷ്വാ വായ്‌പകള്‍ നല്‍കിയിരുന്നു. ഭാര്യാ സഹോദരിയുടെ പേരില്‍ 17 ലക്ഷത്തിന്‍റെ ലോണ്‍ അനുവദിച്ചിരുന്നു. അവര്‍ അറിയാതെ ജോഷ്വ ഇത് 24 ലക്ഷമാക്കി മാറ്റി. പ്രമാണമാണ് ഈട് നല്‍കിയിരുന്നത്. ഇത് പിന്നീട് തിരിച്ചടച്ചെങ്കിലും പ്രമാണം തിരികെ നല്‍കാന്‍ ബാങ്ക് തയാറായില്ല. അതിന്‍റെ കാരണം തിരക്കിയപ്പോള്‍ ഈ പ്രമാണം ഈടാക്കി രണ്ടു ചിട്ടിയില്‍നിന്ന് 30 ലക്ഷം രൂപ ജോഷ്വാ എടുത്തിട്ടുണ്ടെന്ന് വ്യക്തമായി. പ്രമാണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് ബാങ്കില്‍ കൊടുക്കാന്‍ അപേക്ഷ എഴുതിനല്‍കിയതും ജോഷ്വായാണ്.
പത്തനംതിട്ടയിലെ ഒരു ഹോട്ടലുടമ ജോഷ്വായുടെ ബിനാമിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പത്തനംതിട്ടയിലും അടൂരുമായി നടത്തിയിരുന്ന ഹോട്ടല്‍ ശൃംഖല മൈലപ്ര ബാങ്കിന്‍റെ തകര്‍ച്ചയോടെ പൂട്ടി. ഹോട്ടലുടമയുടെ സഹോദരനും ജോഷ്വായുമായി ചേര്‍ന്ന് 2008 ല്‍ മാവേലിക്കരയില്‍ 60 സെന്റ് സ്‌ഥലം വാങ്ങി. ഇതില്‍ ജോഷ്വായുടെ വിഹിതം 20 സെന്റായിരുന്നു. 2015 ല്‍ അതില്‍ 10 സെന്റ് സ്ഥലം വിറ്റു. ശേഷിച്ച 10 സെന്റ് അങ്കമാലിയില്‍ വിവാഹം കഴിച്ചിട്ടുള്ള മകള്‍ക്ക് നല്‍കി. ഇത് ബാങ്ക് തകര്‍ച്ചയിലാകുന്നതിന് മുന്‍പായിരുന്നു. മരുമകന്റെ പേരിലാണ് വസ്‌തു നല്‍കിയത് എന്നാണ് വിവരം. ജോഷ്വായ്‌ക്ക് പത്തനംതിട്ട മുണ്ടുകോട്ടയ്‌ക്കലിലുള്ള സ്വന്തം വീടും മൂത്ത മകളുടെ ഭര്‍ത്താവിന് നല്‍കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 70 ലക്ഷം രൂപയ്‌ക്ക് വിലയാധാരമായി വീടും സ്ഥലവും നല്‍കിയെന്നാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ 35 ലക്ഷം രൂപ ജോഷ്വായ്‌ക്ക് ബാങ്ക് ഓഫ് ബറോഡയിലുള്ള ബാധ്യത തീര്‍ക്കാന്‍ നല്‍കിയതാണ്.
കോട്ടയം ജില്ലയില്‍ എന്‍ജിനീയറിങ് കോളേജ് നടത്തുന്ന വാര്യാപുരം സ്വദേശിയുടെ വീടും സ്ഥലവും പണയപ്പെടുത്തി 2016 ല്‍ 10 പേര്‍ക്ക് 25 ലക്ഷം രൂപ വീതം 2.50 കോടി ജോഷ്വാ വായ്‌പ നല്‍കിയിരുന്നു. ഇതിപ്പോള്‍ കുടിശ്ശിക സഹിതം വന്‍തുക ആയിട്ടുണ്ട്. ഇയാള്‍ ബിനാമിയാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. ജോഷ്വായ്‌ക്ക് വേറെയും ബിനാമികള്‍ ഉള്ളതായി ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. വായ്‌പാത്തട്ടിപ്പില്‍ ഡിവൈ.എസ്.പി ഇതിനോടകം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തു കഴിഞ്ഞു. അതിന്മേലുള്ള അന്വേഷണത്തിലാകും കൂടുതല്‍ ബിനാമികളെ കണ്ടെത്താന്‍ കഴിയുക.