പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ കുടിശ്ശികക്കാര്‍ രഹസ്യയോഗം ചേര്‍ന്നു. പത്തനംതിട്ട നഗരത്തിനു സമീപമുള്ള രഹസ്യ സങ്കേതത്തിലാണ് കഴിഞ്ഞദിവസം ഇവര്‍ ഒത്തുകൂടിയത്. വായ്പയെടുത്ത് വന്‍ കുടിശ്ശിക ബാങ്കില്‍ ഉള്ളവരാണ് ഇവരില്‍ അധികവും. മൈലപ്ര ബാങ്ക് പൂട്ടിക്കാന്‍ തുടക്കമിട്ട മാധ്യമ പ്രവര്‍ത്തകനും ഈ രഹസ്യ യോഗത്തില്‍ പങ്കെടുത്തതായാണ് സൂചന. കുടിശ്ശികക്കാര്‍ക്ക് വേണ്ട ഒത്താശകള്‍ നല്‍കുന്നതും ഇയാളാണെന്ന് സംശയിക്കുന്നു. മൈലപ്ര ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നാല്‍ ഇതിന്റെ ഏറ്റവും വലിയ നേട്ടം കുടിശ്ശികക്കാര്‍ക്കാണ്. അതുകൊണ്ടുതന്നെ സഹകരണ വകുപ്പിന്റെ ഈ നടപടിക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് ഇവരുടെ ലക്‌ഷ്യം. സഹകരണ വകുപ്പിലെ ചില ജീവനക്കാരുടെ രഹസ്യ പിന്തുണയും ഇവര്‍ക്കുണ്ടെന്നാണ് സൂചന.
അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നാല്‍ കുടിശ്ശിക ഇവര്‍ക്ക് ഉടനെയൊന്നും അടക്കേണ്ട, തന്നെയുമല്ല അഡ്മിനിസ്ട്രേറ്റര്‍ ആയി വരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെ സ്വാധീനിക്കുവാനും വളരെ എളുപ്പമാണ്. അങ്ങനെ വന്നാല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് താല്‍പ്പര്യമുള്ള കുടിശ്ശികക്കാരുടെ പേപ്പറുകള്‍ പൂഴ്ത്തിവെക്കപ്പെടും. ഇങ്ങനെ വന്നാല്‍ കുടിശ്ശിക തുക ഉടനെയൊന്നും അടക്കേണ്ടിവരില്ല. എന്നാല്‍ ഇതിലൂടെ വെട്ടിലാകുന്നത് മൈലപ്ര സഹകരണ ബാങ്കിലെ നിക്ഷേപകരാണ്. വായ്പാ കുടിശ്ശിക തിരികെ ബാങ്കില്‍ എത്തിയെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് പണം ലഭിക്കുകയുള്ളൂ. ബാങ്ക് സുഗമമായി മുമ്പോട്ടു കൊണ്ടുപോകാന്‍ ഭരണസമിതി കാണിക്കുന്ന താല്‍പ്പര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കാണിക്കില്ല. അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആറു മാസത്തേക്ക് മാത്രമാണെങ്കിലും ഇത് വീണ്ടും ദീര്‍ഘിപ്പിക്കാം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതാണ് താല്‍പ്പര്യം.
ആറുമാസത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം തീരുമ്പോള്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന നടപടി വന്നാലും അത് പരാജയമാകും. കാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ മത്സരിക്കാന്‍ സാധ്യതയില്ല. പുതിയതായി മറ്റാരെങ്കിലും മത്സരിക്കുവാനും സാധ്യത കുറവാണ്. വന്‍ കടക്കെണിയില്‍പ്പെട്ട മൈലപ്ര ബാങ്കിനെ കരകയറ്റണമെങ്കില്‍ ഭഗീരഥ പ്രയത്നംതന്നെ വേണം. പുതിയതായി വരുന്ന ഭരണസമിതി എത്ര വിയര്‍പ്പൊഴുക്കിയാലും ഭരണ കാലാവധിയായ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതിന് കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. മുന്‍ ഭരണസമിതി അംഗവും മൈലപ്ര ബാങ്കിലെ വിഷയങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിച്ച ആളുമായ ഗീവര്‍ഗീസ് തറയിലിന് പ്രസിഡന്റ് പദം ആഗ്രഹമുണ്ടെങ്കിലും നാലുവീലും പഞ്ചറായ ഈ വണ്ടി ഒരിഞ്ചുപോലും നീക്കാന്‍ അദ്ദേഹത്തിനും കഴിയുമെന്ന് തോന്നുന്നില്ല.
കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കണമെന്നാണ് ചില നിക്ഷേപകരുടെ പക്ഷം. തങ്ങളുടെ പണം നീണ്ട കാത്തിരിപ്പില്ലാതെ തിരികെ ലഭിക്കാന്‍ ഇതാണ് നല്ലതെന്നും ഇവര്‍ പറയുന്നു. കാരണം നിലവിലുള്ള ഭരണ സമിതിയേയും പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും മുമ്പില്‍ കണ്ടുകൊണ്ടാണ് ലക്ഷങ്ങളും കോടികളും മൈലപ്രാ ബാങ്കില്‍ നിക്ഷേപിച്ചത്. ഇവര്‍ ഭരണ രംഗത്തുനിന്നും മാറിയാല്‍ പിന്നെ ഇവരോട് പണം ചോദിക്കുവാന്‍ കഴിയില്ല. അഡ്മിനിസ്ട്രേറ്ററോട് നിക്ഷേപത്തിന്റെ കാര്യം ചോദിച്ചാല്‍ അയാള്‍ കൈമലര്‍ത്തും. ബാങ്കില്‍ പണം വന്നാല്‍ തരാമെന്നും തന്റെ പോക്കറ്റില്‍ നിന്നും തരാന്‍ പറ്റില്ലെന്നും ഇയാള്‍ പറയും. ഇങ്ങനെ പറയുന്ന അഡ്മിനിസ്ട്രേറ്ററെ തടഞ്ഞുവെച്ച് സമരം ചെയ്യാമെന്ന് വിചാരിച്ചാല്‍ അതും നടക്കില്ല. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ പോലീസും കേസുമൊക്കെയായി ശിഷ്ടകാലം കോടതിയില്‍ കയറിയിറങ്ങേണ്ടിവരും. അവസാനം നിക്ഷേപിച്ച പണവുമില്ല സമാധാനവുമില്ല എന്ന അവസ്ഥയായിരിക്കും വരികയെന്ന് രണ്ടു കോടിയിലധികം നിക്ഷേപമുള്ള ബാബു പറയുന്നു.
അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നാല്‍ നിക്ഷേപകരുടെ പണം തിരികെ ലഭിക്കാന്‍ 25 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടിവരുമെന്ന് സഹകരണ വകുപ്പില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍ക്കാര്‍ കാര്യം മുറപോലെയേ നടക്കൂ. തിരക്ക് കൂട്ടിയാല്‍ ഒന്നും നടക്കില്ല. സാമ്പത്തിക പ്രസിസന്ധി ഉണ്ടായാല്‍ നിക്ഷേപം മടക്കിനല്കുവാന്‍ സാവകാശം നല്‍കണം. അത് ഭരണസമിതി ഭരണം നിയന്ത്രിച്ചാലും അഡ്മിനിസ്ട്രേറ്റര്‍ ഭരണം വന്നാലും എല്ലാം ഒരുപോലെയാണ്. അഡ്മിനിസ്ട്രേറ്റര്‍ ആയി ചുമതല ഏറ്റെടുക്കുന്ന ആള്‍ക്ക് മാന്ത്രിക സിദ്ധികളോ അമിത അധികാരങ്ങളോ ഇല്ല. അയാള്‍ സാധാരണ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും. എന്തായാലും മൈലപ്രാ ബാങ്കിലെ വിഷയം ബാധിച്ചിരിക്കുന്നത് നിക്ഷേപകരെ മാത്രമാണ്. രാഷ്ട്രീയ മത്സരമല്ല ഇവിടെ ആവശ്യം, വിവേകത്തോടെയുള്ള തീരുമാനങ്ങളും നടപടികളുമാണ്. കാര്യഗൌരവത്തോടെ തീരുമാനങ്ങള്‍ ഉചിതമായ സമയത്ത് എടുത്തില്ലെങ്കില്‍ അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക മൈലപ്ര സഹകരണ ബാങ്കിലെ നിക്ഷേപകര്‍ മാത്രമായിരിക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. >>> തുടരും ….