പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ വിഷയം ചിലര്‍ ഊതിവീര്‍പ്പിച്ചതാണെന്ന് വ്യക്തമാണ്. ബാങ്കിലെ വലിയ നിക്ഷേപകര്‍ക്ക് ഇപ്പോഴും ആശങ്കയില്ല. ചെറിയ നിക്ഷേപകരെ ദിവസേനയുള്ള പത്രവാര്‍ത്തയിലൂടെ ആശങ്കയിലാക്കി അവരെ കൂട്ടത്തോടെ ബാങ്കിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടൊപ്പം ചിലര്‍ സംഘടിത ഗൂഡാലോചനയിലൂടെ വന്‍തുകയുടെ നിക്ഷേപങ്ങള്‍ ഒന്നിച്ച് പിന്‍വലിച്ചു. ഇത് പോയത് ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലേക്കും സമീപത്തെ മറ്റ് സഹകരണ ബാങ്കുകളിലേക്കുമാണ്.
നിലവിലുള്ള സാഹചര്യത്തില്‍ അഞ്ചുകോടി രൂപയുണ്ടെങ്കില്‍ മൈലപ്ര ബാങ്കിലെ പ്രശ്നങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ബാങ്ക് സുഗമമായി പ്രവര്‍ത്തിക്കുമെന്നും സഹകരണ വകുപ്പിലെതന്നെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട മീഡിയാക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്, എല്ലാം ഊതിപ്പെരുപ്പിച്ച കഥകളായിരുന്നു എന്ന്. മൈലപ്ര സഹകരണ ബാങ്ക് തകര്‍ക്കുവാനുള്ള ഗൂഡാലോചനക്കു പിന്നില്‍ ആരൊക്കെയുണ്ടെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളു. വിജിലന്‍സ് അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഗൂഡാലോചനയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പങ്കും അന്വേഷിക്കണം.
നിലവില്‍ അന്വേഷണം നടക്കുന്നത് ഗോതമ്പ് സ്റ്റോക്കില്‍ ഉണ്ടായ കുറവിനെപ്പറ്റിയാണ്. അന്വേഷണത്തില്‍ കുറവ് കണ്ടാല്‍ ഉത്തരം പറയേണ്ടത് ഭരണസമിതിയോ പ്രസിഡന്റോ അല്ല. ബാങ്ക് സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യു ആണ്. നടപടി ഉണ്ടാകുന്നതും ഇദ്ദേഹത്തിനെതിരെയാണ്. എന്നാല്‍ കുറ്റക്കാരെ വെള്ളപൂശി ആരോപണങ്ങളെല്ലാം ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും തലയില്‍ കെട്ടിവെക്കുവാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യുവിനെയും ബാങ്കിലെ ചില ജീവനക്കാരെയും കുറ്റവിമുക്തരാക്കി ചിത്രീകരിക്കുവാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ പാടുപെടുകയാണ്. ഇതിനുപിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കണം.