ഡൽഹി: ഡൽഹിയിലെ മലയാളി സാമൂഹിക പ്രവർത്തകന്റെ ദുരൂഹ മരണത്തിൽ ആറിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവിയിൽ കണ്ട മൂന്ന് പേരെയും ചോദ്യം ചെയ്തെങ്കിലും ഇവരിൽ നിന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് ആറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദ്വാരകയിൽ താമസിക്കുന്ന പിപി സുജാതനെ ഒരു പാർക്കിൽ മരിച്ച നിലയിൽ കണ്ടത്തിയത്. കൊലപാതകമാണെന്നായിരുന്നു സംശയം. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതാവുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിനടുത്തുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പോലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുജാതന്റെയാണെന്ന് തിരിച്ചറിയുന്നത്. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് സുജാതന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ (FAIMA) മഹാരാഷ്ട്ര സംസ്ഥാന ഘടകം കേരള മുഖ്യമന്ത്രിയ്ക്കും മറ്റ് കേന്ദ്രമന്ത്രിമാർക്കും പരാതി നൽകിയിരുന്നു. സംഭവത്തില്‍ ആന്റോ ആന്റണി എംപിയും ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്ത് നൽകിയിരുന്നു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ ആവശ്യമായ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.