തുമ്പമണ്‍: പത്തനംതിട്ട തുമ്പമണ്ണിൽ വൈദികൻ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത. മുൻവൈരാഗ്യം മൂലം മനപൂർവ്വം ഇടിപ്പിച്ചതെന്ന് പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച് വൈദികൻ ഗീവർഗീസ് കോശി. മുൻവൈരാഗ്യം മൂലം വൈദികൻ മനപ്പൂർവ്വം ഇടിച്ച് വീഴ്ത്തി എന്നാണ് ദന്പതികൾ ആരോപിക്കുന്നത്. ആ പറഞ്ഞത് ശരിയല്ലെന്നും വാഹനാപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വൈദികനും പറയുന്നു. വൈദികനെതിരെ വധശ്രമത്തിന് പന്തളം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
രാത്രി എട്ടുമണിയോടെ ആണ് മരിയാപുരം സ്വദേശികളായ ബാബു അനിതാ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയൽവാസിയും വൈദികനുമായ ഗീവർഗീസ് കോശിയുടെ കാറിടിക്കുന്നത്. തുമ്പമൺ മുട്ടത്ത് വച്ചായിരുന്നു സംഭവം. ഇടിച്ച കാർ നിർത്താതെ പോയി. മുൻ വൈരാഗ്യം മൂലം വൈദികൻ മനപ്പൂർവം ഇടിച്ചു വീഴ്ത്തി എന്നാണ് ദമ്പതികളുടെ ആരോപണം. വർഷങ്ങളായി വഴിത്തർക്കം ഉണ്ടെന്നും കോടതി വിധി തങ്ങൾക്ക് അനുകൂലമായിരുന്നു എന്നും ദമ്പതികൾ ആരോപിക്കുന്നു.