തിരുവനന്തപുരം: വെള്ളറട കിളിയൂര്‍ ചരുവിള ബംഗ്ലാവില്‍ ആര്‍.ജോസ്(70) മകന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. ആഭിചാരവും ദുര്‍മന്ത്രവാദവും ഉള്‍പ്പെടെ സംശയിക്കുന്ന കേസില്‍ ഇപ്പോള്‍ സാമ്പത്തിക പ്രശ്‌നങ്ങളും നിര്‍ണായകമാകുകയാണ്. കേസില്‍ പ്രതിയായ മകന്‍ പ്രജിന്റെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രജിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. പ്രജിന് അഞ്ച് ഫോണുകളാണുള്ളത്. ഇതില്‍ ഏതാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്താന്‍ സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പോലീസ് വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കൊച്ചിയില്‍ സിനിമാ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രജിന്‍, സിനിമാ നിര്‍മാണത്തിനായി പിതാവിനോടു പണം ചോദിച്ചിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പണം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജോസിനെ പ്രജിന്‍ മര്‍ദിച്ചിരുന്നെന്നും സൂചനയുണ്ട്. ഇന്‍ക്വസ്റ്റ് വേളയില്‍ ജോസിന്റെ ശരീരത്തില്‍ കണ്ട മര്‍ദനമേറ്റ പാടുകള്‍ക്ക് രണ്ടു മാസത്തോളം പഴക്കമുണ്ടായിരുന്നു. ഇതാണു പോലീസിനെ സംശയത്തിലാക്കിയിരുന്നത്.
പ്രജിന്റെ വിദ്യാഭ്യാസത്തിനായി വലിയ സാമ്പത്തികബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. സ്ഥലം വിറ്റാണ് പ്രജിനെ ചൈനയില്‍ മെഡിക്കല്‍ പഠനത്തിനായി അയച്ചിരുന്നത്. എന്നാല്‍ പഠനത്തിനുശേഷം മടങ്ങിവന്ന പ്രജിന്‍ മാതാപിതാക്കളോട് എപ്പോഴും ദേഷ്യത്തിലായിരുന്നു. പിന്നീടാണ് സിനിമാ പഠിക്കാനായി കൊച്ചിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. പോലീസ് ഈ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നിലവില്‍ ജോസും കുടുംബവും താമസിക്കുന്ന വീടും പറമ്പും പണയത്തിലാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് പ്രജിന്‍ സിനിമാ നിര്‍മാണത്തിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടത്. കൊച്ചിയില്‍ സിനിമാ പഠനം കഴിഞ്ഞു തിരിച്ചെത്തിയ പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായെന്ന് അമ്മ സുഷമാകുമാരി പോലീസിനോടു പറഞ്ഞിരുന്നു. വീടിന്റെ ഒന്നാംനിലയിലെ പ്രജിന്റെ മുറിയിലേക്ക് മാതാപിതാക്കൾ പോകാന്‍ ശ്രമിച്ചാല്‍ പ്രജിന്‍ ശക്തമായി എതിര്‍ത്തിരുന്നു. പൂട്ടിയിരിക്കുന്ന മുറിയില്‍നിന്ന് ഒരു പ്രത്യേക ഈണത്തിലെ ശബ്ദം എപ്പോഴും മുഴങ്ങിക്കേള്‍ക്കുമെന്നും അമ്മ സുഷമകുമാരി പറയുന്നു. വിവരം പോലീസില്‍ അറിയിച്ചിരുന്നു. ഒരുവട്ടം പോലീസെത്തി താക്കീതും നല്‍കി. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രജിന്‍ പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കൾ ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.