തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് പെരുന്നയിൽ ചേരും. സ്പീക്കർ വിവാദ പരാമർശം പിൻവലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാർ എംഎൽഎയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. വിഷയത്തിൽ ഗണേഷ് കുമാർ എടുക്കുന്ന നിലപാട് എന്താകും എന്നതും പ്രധാനമാണ്. അതേസമയം, മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തിൽ ഒരു പാട് വിവാദ വിഷയങ്ങൾ ചർച്ചയാകും.
സ്പീക്കർക്ക് എതിരെ സ്വീകരിക്കേണ്ട നിലപാട് യുഡിഎഫ് നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ തിരുത്തണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാത്ത സഭ സമ്മേളിക്കുന്നത്. ഈ സഭ സമ്മേളനത്തില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഉയർന്ന് വരാനുണ്ട്. മിത്ത് വിവാദമാണ് പ്രധാന വിഷയം. എന്നാല്‍ ഇത് സജീവമാക്കി സഭയില്‍ ഉയർത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫ് എടുത്തിട്ടില്ല. സ്പീക്കരെ പിന്തുണക്കാൻ ആണ് ഭരണ പക്ഷ നിലപാട്.