പത്തനംതിട്ട : സംസ്ഥാന വിനോദസഞ്ചാര വകുപ്പും പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കേരളത്തിന്റെ തനത് നാടന്‍-ക്ലാസിക്കല്‍ ദൃശ്യകലാരൂപങ്ങള്‍ ഉത്സവം 2020 എന്ന പേരില്‍ 22 മുതല്‍ 28 വരെ അടൂര്‍ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയം, കടമ്മനിട്ട പടയണി ഗ്രാമം എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. അടൂരില്‍ നാളെ വൈകിട്ട് ആറിന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉത്സവം 2020 ഉദ്ഘാടനം ചെയ്യും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്സവ സന്ദേശം നല്‍കും.
കടമ്മനിട്ടയില്‍ നാളെ വൈകിട്ട് ആറിന് വീണാ ജോര്‍ജ് എംഎല്‍എ ഉത്സവം 2020 ഉദ്ഘാടനം ചെയ്യും. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും. പത്തനംതിട്ട ജില്ലയുടെ തനത് കലാരൂപമായ പടയണിയും മലബാറിലെ ദൈവ സങ്കല്‍പ്പങ്ങളെ പ്രധിനിധാനം ചെയ്യുന്ന തെയ്യവും ഉള്‍പ്പടെ 26 കലാരൂപങ്ങളാണു രണ്ടിടങ്ങളിലായി അരങ്ങേറുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതല്‍ പരിപാടികള്‍ ആരംഭിക്കും.
22 ശനിയാഴ്ച അടൂരില്‍ കണ്ണൂര്‍ മഹാദേവഗ്രാമം കോല്‍കളി സംഘം അവതരിപ്പിക്കുന്ന കോല്‍കളിയും തിരുവനന്തപുരം ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ശീതങ്കന്‍ തുള്ളലും ഉണ്ടായിരിക്കും, കടമ്മനിട്ടയില്‍ കോട്ടയം കെ.എം നാസറും സംഘവും അവതരിപ്പിക്കുന്ന ദഫ്മുട്ട്, തിരുവനന്തപുരം ഗിരീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന തോറ്റംപാട്ടും അവതരിപ്പിക്കും.
23ന് അടൂരില്‍ കൊല്ലം പ്രൊഫ. വി ഹര്‍ഷകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും തിരുവനന്തപുരം ഭദ്രാ തോറ്റംപാട്ട് സമിതി അവതരിപ്പിക്കുന്ന തോറ്റംപാട്ടും, കടമ്മനിട്ടയില്‍ എറണാകുളം തിയ്യാട് രാമന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍ തിയ്യാട്ടും അരങ്ങേറും.
24ന് അടൂരില്‍ തിരുവനന്തപുരം ഷൈലജ പി അമ്പുവും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും, കടമ്മനിട്ടയില്‍ പാലക്കാട് രാമന്‍ സ്മാരക തിറ-പൂതന്‍കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും തിരുവനന്തപുരം കാരുണ്യാ കലാ സമിതി അവതരിപ്പിക്കുന്ന കാക്കാരിശി നാടകവും അരങ്ങേറും.
25ന് അടൂരില്‍ കണ്ണൂര്‍ പ്രജിത് റാമും സംഘവും അവതരിപ്പിക്കുന്ന നിണബലി, ചങ്ങനാശേരി ഉഷയും സംഘവും അവതരിപ്പിക്കുന്ന കളമെഴുത്തും പുള്ളുവന്‍ പാട്ടും കടമ്മനിട്ടയില്‍ തിരുവനന്തപുരം ജയ്ഹിന്ദ് കലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന വില്‍മേളയും പാലക്കാട് പല്ലശന സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി അവതരിപ്പിക്കുന്ന കന്യാര്‍കളിയും അരങ്ങേറും.
26ന് അടൂരില്‍ തൃശൂര്‍ കെ.ആര്‍ രാമനും സംഘവും അവതരിപ്പിക്കുന്ന ശാസ്താംപാട്ടും അയ്യപ്പന്‍പാട്ടും കണ്ണൂര്‍ റെഡ്സ്റ്റാര്‍ കോല്‍കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളിയും കടമ്മനിട്ടയില്‍ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ബാംബൂ മ്യൂസിക്കും കടത്തനാട് ചൂരക്കോടി കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ് കോല്‍കളിയും അരങ്ങേറും.
27ന് അടൂരില്‍ തിരുവനന്തപുരം ഗുരുകൃപാ നാടന്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന കാക്കാരിശി നാടകവും കണ്ണൂര്‍ ചന്തു പണിക്കരും സംഘവും അവതരിപ്പിക്കുന്ന തെയ്യവും, കടമ്മനിട്ടയില്‍ കണ്ണൂര്‍ സരിത് ബാബുവും സംഘവും അവതരിപ്പിക്കുന്ന നിണബലിയും കൊല്ലം കാര്‍ത്തിക്കും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടക്കും.
അവസാന ദിവസമായ 28ന് അടൂരില്‍ തിരുവനന്തപുരം സതീഷ് (ക്ഷേത്രവാദ്യ കലാമണ്ഡലം) അവതരിപ്പിക്കുന്ന സോപാന സംഗീതവും ഓതറ ദേവീ വിലാസം പടയണി സംഘം അവതരിപ്പിക്കുന്ന പടയണിയും കടമ്മനിട്ടയില്‍ കാസര്‍ഗോഡ് ഗോവിന്ദന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തിടമ്പുനൃത്തം, തൃശൂര്‍ ടി.ജി സുകുമാരനും സംഘവും അവതരിപ്പിക്കുന്ന കുമ്മാട്ടിക്കളി തുമ്പിതുള്ളല്‍ എന്നിവയും അരങ്ങേറും.
സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള കേരളത്തിന്റെ ശാസ്ത്രീയ നൃത്തരൂപങ്ങള്‍, തനത് നാടന്‍ കാലാരൂപങ്ങള്‍, സംഗീതം, ക്ഷേത്രകലകള്‍, അനുഷ്ടാന കലകള്‍ ഒക്കെയും ഏറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയും ജനശ്രദ്ധ പിടിച്ചുപറ്റുന്നവയുമാണ്. പുതുതലമുറയ്ക്ക് അന്യമായികൊണ്ടിരിക്കുന്ന ഈ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിച്ച് സാംസ്‌കാരിക പൈതൃകത്തെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിനോദസഞ്ചാര വകുപ്പ് ഉത്സവം 2020 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.