ന്യൂഡല്‍ഹി : നാഗാലാന്‍ഡില്‍ ഏറെ വിവാദമായ മോണ്‍ വെടിവെപ്പ് കേസില്‍ സംസ്ഥാന പോലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ മുപ്പത് സൈനികര്‍ക്ക് എതിരായ നടപടി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സൈനികരുടെ ബന്ധുക്കള്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സംഭവത്തിനിടെ കൊല്ലപ്പെട്ട ജവാന്റെ മരണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷച്ചില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് നാഗാലാന്‍ഡില്‍ വന്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവം സംസ്ഥാന പോലീസ് അന്വേഷിച്ചതും 30 സൈനികര്‍ക്കെതിരെ നടപടിയെടുത്തതും. പ്രത്യേക അന്വേഷണ സംഘമാണ് 30 സൈനികര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 50 സാക്ഷികളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല.