പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ സ്ഥാപനങ്ങളുടെ ലൈസന്‍സ് പൂര്‍ണ്ണമായും ഓണ്‍ ലൈനാകുന്നു. ഇതിനായി സ്ഥാപനങ്ങളുടെ വിവരശേഖരണം ആരംഭിച്ചു. നിലവില്‍ ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ വിവരമാണ് ശേഖരിക്കുന്നത്.
പുതിയ ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും ആവശ്യക്കാര്‍ നേരിട്ടെത്തി അപേക്ഷ നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പുതുക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ നിരവധി പേര്‍ ഒരുമിച്ചെത്തുന്നത് തിരക്കും കാലതാമസവും ഉണ്ടാക്കുന്നുണ്ട്. ഓണ്‍ ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ ഈ പരിമിതികളെ പൂര്‍ണ്ണമായും മറികടക്കാനാകും.
ആദ്യഘട്ടമായി ലൈസന്‍സ് നേടിയ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് സഞ്ജയ സോഫ്റ്റ് വെയറില്‍ ചേര്‍ക്കും. ഇത് പൂര്‍ണ്ണമായാല്‍ പൊതുജനങ്ങള്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കി, ഫീസടച്ച് ലൈസന്‍സ് പുതുക്കാവുന്നതാണ്. നേരിട്ട് പരിശോധന നടത്തേണ്ട ഘട്ടത്തില്‍ മാത്രമേ പൊതുജനങ്ങളും ഉദ്യോഗസ്ഥരുമായി ഇടപെടേണ്ട സാഹചര്യം ഉണ്ടാവുകയുള്ളു.
വിവര ശേഖരണത്തിന്റെ ഉദ്ഘാടനം കുമ്പഴയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ നല്‍കുക എന്ന തരത്തിലേക്ക് നഗരസഭ ഘട്ടംഘട്ടമായി മാറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരികളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു ലൈസന്‍സ് ഓണ്‍ ലൈനില്‍ നല്‍കണമെന്നത്. നഗരസഭയുടെ പുതിയ തീരുമാനത്തെ വിവിധ വ്യാപാരി സംഘടനകള്‍ സ്വാഗതം ചെയ്തു. ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ക്ക് പരിഹാരമായെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യുട്ടീവ് അംഗം പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.