ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി ഹരിഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ. നളിനിയുടെ അമ്മ പദ്മ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരോൾ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തന്റെ ആരോഗ്യനില മോശമാണെന്നും ശുശ്രൂഷിയ്ക്കാൻ ഏതാനും ദിവസം നളിനിയെ അനുവദിക്കണം എന്നുമായിരുന്നു പദ്മ നൽകിയ ഹർജി.
വെല്ലൂർ വനിതാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നളിനി, കാട്ട്പാടി ബ്രഹ്മപുരത്തെ വാടക വീട്ടിലെത്തി. രണ്ട് ഡിഎസ്പിമാരുടെ നേതൃത്വത്തിൽ അൻപത് പേരടങ്ങുന്ന പോലീസ് സംഘം റൊട്ടേഷൻ അടിസ്ഥാനത്തിൽ നളിനിയ്ക്ക് സുരക്ഷയ്ക്കും കാവലിനുമായി ഒപ്പമുണ്ടാകും. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളാി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ ജയിൽ മോചനം ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കും. മുപ്പത് വര്‍ഷമായി ജയിലിൽ കഴിയുകയാണെന്ന് പേരറിവാളന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് മാറ്റണമെന്ന സോളിസിറ്റര്‍ ജനറലിന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.