കോഴഞ്ചേരി : ജില്ലാ പഞ്ചായത്തിന്‍റെ സ്വപ്‌നപദ്ധതിയായ നാലു മണിക്കാറ്റ് ഇനിയും വീശിത്തുടങ്ങിയില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ.റോയിസനും വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് മാമന്‍ കൊണ്ടൂരും രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതിയാണ് ഫലം കാണാതെ പോയത്. കോഴഞ്ചേരി ഈസ്‌റ്റ് സ്‌തുതികാട്ടില്‍ പടി തണുങ്ങാട്ടില്‍ റോഡിനായി റോയിസണ്‍ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കേ മൂന്നു ഘട്ടമായി 80 ലക്ഷം രൂപ വകയിരുത്തുകയും പാലം ഉള്‍പ്പെടെ പണി നടത്തുകയും ചെയ്‌തു. പ്രാദേശികമായ എതിര്‍പ്പ് കാരണം റോഡ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ജോര്‍ജ് മാമന്‍ കൊണ്ടുര്‍ കോഴഞ്ചേരിയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായപ്പോള്‍ പുതിയ പദ്ധതിയിലൂടെ പാടശേഖര ഭാഗത്ത് കോണ്‍ക്രീറ്റിങ് നടത്തി വിശ്രമത്തിനും ഉല്ലാസത്തിനുമായി നാലുമണിക്കാറ്റ് നടപ്പിലാക്കി. എന്നാല്‍ തുടര്‍ന്ന് വേണ്ടത്ര പരിചരണം ലഭിക്കാതെ വന്നതോടെ ഇവിടെ വെളിച്ചമില്ലാതെയായി. സംവിധാനങ്ങള്‍ തകരാറിലുമായി.
ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതി കാട് കയറുകയും ചെയ്‌തു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ 48 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാക്കിയത്. പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി 2020 ഓഗസ്‌റ്റ് 31 നാണ് ഉദ്‌ഘാടനം നടത്തിയത്. വശങ്ങളില്‍ പൈപ്പു കൊണ്ട് സംരക്ഷണവേലിയും നിര്‍മിച്ചു. 20 ലക്ഷം രൂപയാണ് പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത്. റോഡില്‍ വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതിനും ഇരിപ്പിടങ്ങള്‍ നിര്‍മിക്കുന്നതിനുമായി 13 ലക്ഷവും ചെലവായി. എന്നാല്‍ പിന്നീട് പ്രവൃത്തികളൊന്നും നടന്നില്ല. സംരക്ഷണവേലി കാണാന്‍ കഴിയാത്തവിധം വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞു. കോണ്‍ക്രീറ്റ് പാതയും കാട് കയറി. നിലവില്‍ മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന ഇരുമ്പില്‍ നിര്‍മിച്ച ഒരു ഇരിപ്പിടം മാത്രമാണുള്ളത്. ഇതാകട്ടെ തുരുമ്പെടുത്തതും.