ഗുരുവായൂർ : കോവിഡ് നിയന്ത്രണങ്ങൾ മിക്കവരും പാലിക്കുന്നില്ലെന്ന് നഗരസഭ. കോവിഡ് രോഗികളുള്ള വീടുകളിലുള്ളവരും ക്വാറന്റീനിലിരിക്കുന്നവരും പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്നുണ്ട്. ഇത് ആവർത്തിച്ചാൽ അവരുടെ പേരുവിവരങ്ങൾ അതതു വാർഡുകളിൽ ബോർഡ് വെച്ച് പരസ്യപ്പെടുത്തുമെന്ന് നഗരസഭയുടെ താക്കീത്. നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കോവിഡ് പ്രതിരോധ മോണിറ്ററിങ് യോഗത്തിലാണ് ഈ തീരുമാനം.
നഗരസഭയിൽ നാലു വാർഡുകളാണ് അതിതീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. പലരും തങ്ങളുടെ വീട്ടിൽ കോവിഡ് രോഗികളുള്ള കാര്യം പറയാതെ പുറത്തിറങ്ങുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും പറയുന്നു. രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ളവരെല്ലാം ദിവസവും പുറത്തിറങ്ങി നടക്കുന്ന സ്ഥിതിയാണ്. അതുകൊണ്ട് ഒരു വാർഡിൽ കോവിഡ് രോഗികളുള്ള വീടുകളുടെ പേരുകൾ എഴുതി ബോർഡ് സ്ഥാപിക്കുക മാത്രമല്ല ആ വീടുകളിലേക്ക് ആരും പോകരുതെന്ന കർശന നിർദേശം കൂടി നഗരസഭ നൽകും.
ഇത് നിരീക്ഷിക്കാൻ പോലീസും ആരോഗ്യ പ്രവർത്തകരും മുഴുവൻ സമയവും ഉണ്ടാകും. അതിതീവ്രവ്യാപനമുള്ള വാർഡുകൾ വളച്ചുകെട്ടി വഴിയടയ്ക്കൽ കൂടുതൽ കർശനമാക്കും. യോഗത്തിൽ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, എ.എസ് മനോജ്, എ.എം ഷെഫീർ, കെ.പി ഉദയൻ, സെക്രട്ടറി പി.എസ് ഷിബു, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥർ, സെക്‌ട്രൽ മജിസ്‌ട്രേറ്റുമാർ തുടങ്ങിയവർ സംബന്ധിച്ചു