തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 28 പേര്‍. മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞമാസം 28ന് ആറ്റിങ്ങൽ സ്വദേശിയായ പോലീസുകാരനെ രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27വരെ കണ്ടെയിന്‍മെന്റ് സോണായ ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. 26ന് ആലുവയിലേക്ക് യാത്ര ചെയ്തു. 18ന് സെക്രട്ടറിയേറ്റിലെ രണ്ടാം നമ്പർ ഗേറ്റിലും ഇയാള്‍ ജോലി ചെയ്തിരുന്നു. എആർ ക്യാമ്പിലെ ക്യാന്‍റീന്‍ താല്‍ക്കാലികമായി അടച്ചു.
സാഫല്യം കോംപ്ലക്സിലെ കടയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പാളയം മാർക്കറ്റ് അടച്ചു. ഈ ഭാഗത്തെ തിരക്കേറിയ കടകളും ഹോട്ടലുകളും ചായക്കടകളും ഏഴ് ദിവസത്തേക്ക് അടിച്ചിടും. ഇവിടെ വഴിയോരക്കച്ചവടവും അനുവദിക്കില്ല.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മേഖലകള്‍ കണ്ടെയിൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചിവിള എന്നിവയാണ് പുതിയതായി കണ്ടെയിൻമെന്റ് സോണുകളാക്കിയത്.
കൂടാതെ നിലവിൽ കണ്ടെയിൻമെന്റ് സോണുകളായ ആറ്റുകാൽ (വാർഡ് – 70 ), കുരിയാത്തി (വാർഡ് – 73), കളിപ്പാൻ കുളം (വാർഡ് – 69) മണക്കാട് (വാർഡ് – 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.