പത്തനംതിട്ട : ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ തരത്തിലുമുള്ള ചികിത്സ ലഭ്യമാക്കുന്നതാണ് ആദ്യപടിയായി സര്‍ക്കാര്‍ ചെയ്യുന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. എല്ലാ ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവ സ്ഥലത്ത് ആദ്യം എത്തിയ അയ്യപ്പന്‍മാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട സ്ഥലത്ത് എത്തിയ ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സംഘവും രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്തി.
മുന്‍കാലങ്ങളില്‍ അപകടം സംഭവിക്കാത്ത സ്ഥലത്താണ് ബസ് മറിഞ്ഞത്. അതിനാല്‍ ആ മേഖലയില്‍ ഭാവിയില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് സ്വീകരിക്കും. ഇറക്കം ഇറങ്ങിവന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്നാണ് സ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.
അപകടത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശനത്തിനു മുന്‍പ് മന്ത്രി പി. പ്രസാദ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ തുടങ്ങിയവര്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.