പത്തനംതിട്ട : വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരാങ്ങാനം വില്ലേജ് ഓഫീസർ ജോർജ് മാത്യുവിനെ സി.പി.എം ഏരിയ സെക്രട്ടറി എം.വി.സഞ്ജു അസഭ്യം പറയുകയും ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് തുടരെ ഭീഷണി കോളുകൾ. ഇതേ തുടർന്ന് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സഞ്ജുവും ജോർജ് ജോസഫും തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഭീഷണികൾ തുടർന്നതോടെ വില്ലേജ് ഓഫീസർ ഔദ്യോഗിക ഫോൺ ഉപയോഗിക്കാതെയായി.
ഇന്നലെ ഉച്ചവരെ ജോർജ് ജോസഫ് വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു. ഔദ്യോഗിക മൊബൈൽ സിംകാർഡ് ഓഫീസിൽ വെച്ചശേഷം ഉച്ചയോടെ ഓഫീസിൽ നിന്ന് മടങ്ങി. വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതൽ ഏരിയെ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ നൽകിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയ സെക്രട്ടറി. ഇത് ലഭിച്ച ശേഷം ഏരിയെ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാക്കുതർക്കവും ഭീഷണിയുമുണ്ടായത്. വില്ലേജ് ഓഫീസർ അപമര്യാദയായി സംസാരിച്ചതിനാലാണ് പ്രതികരിക്കേണ്ടി വന്നതെന്ന് ഏരിയ സെക്രട്ടറി എം.വി സഞ്ജു പറഞ്ഞു.