ഡൽഹി : വീൽചെയറിൽ ഇരുന്ന് പോലും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് കർമനിരതനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻമോഹൻ സിംഗിന്റെ രാജ്യത്തിനായുള്ള സംഭാവനകളും മോദി എടുത്തുപറഞ്ഞു. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യസഭയിൽ നിന്ന് വിരമിക്കുന്നവർക്കായി നടത്തിയ പരിപാടിയിൽ സംസാരിക്കവേയായിരുന്നു മോദിയുടെ പരാമർശം. ‘ഇന്ന് ഡോ.മൻമോഹൻ സിംഗിനെ ഓർക്കാൻ ഞാനാഗ്രഹിക്കുന്നു. അദ്ദേഹം വലിയ സംഭാവനകളാണ് രാജ്യത്തിന് നൽകിയത്.
ഇത്രയും കാലം രാജ്യത്തിനെയും രാജ്യസഭയെയും നയിച്ചതിൽ അദ്ദേഹം എല്ലാക്കാലവും സ്‌മരിക്കപ്പെടും. വോട്ട് ചെയ്യുന്നതിനായി മൻമോഹൻ സിംഗ് വീൽചെയറിൽ എത്തിയത് ഞാൻ ഓർക്കുന്നു. തന്റെ കർത്തവ്യങ്ങളെക്കുറിച്ച് ഒരു സഭാംഗം ബോധവാനായിരിക്കുന്നതിന്റെ തെളിവാണിത്’ മോദി വ്യക്തമാക്കി.