പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും 15-ാം വാർഡ് കൗൺസിലറുമായിരുന്ന എ.ജി ഇന്ദിരാമണിയമ്മയ്ക്ക് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് രാവിലെ 9.30 ന് നഗരസഭാ ടൗൺ ഹാളിൽ ആരംഭിച്ച പൊതുദർശനത്തില്‍ നൂറ് കണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേർന്നു. നഗരസഭാ കൗൺസിലിന് വേണ്ടി ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പുഷ്പചക്രം സമര്‍പ്പിച്ചു. ഇന്ദിരാമണിയമ്മ 40 വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ച കുമ്പഴ 82-ാം നമ്പർ അങ്കണവാടിയിൽ മാതാപിതാക്കളും കുട്ടികളുമുൾപ്പെടെ മൂന്ന് തലമുറയിലെ ആളുകൾ അന്തിമോപചാരം അർപ്പിച്ചു. സ്വന്തം ജീവൻ പണയം വെച്ച് തെരുവ് നായയിൽ നിന്ന് 26 കുട്ടികളെ രക്ഷിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ നൽകിയ നാരീശക്തി പുരസ്കാരവും രണ്ടുതവണ മികച്ച അംഗനവാടി അധ്യാപികയ്ക്കുള്ള അവാർഡും നേടിയ അങ്കണവാടി മുറ്റത്ത് എത്തിച്ചേർന്നവർ കണ്ണീരോടെ വിട നൽകി. പതിനൊന്നരയോടെ വീട്ടിലെത്തിച്ച ഭൗതികശരീരം 4 മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി സംസ്കരിച്ചു.
പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴയും വിതുമ്പി
എ.ജി ഇന്ദിരാമണിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് കുമ്പഴയിൽ നഗരസഭയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, കൗൺസിലർമാരായ പി കെ അനീഷ്, സി.കെ അർജുനൻ, എ.അഷറഫ്, ആർ സാബു, വിമലാ ശിവൻ, അംബികാ വേണു, റോഷൻ നായർ, അഖിൽ കുമാർ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളായ അശോക് കുമാർ, ബാലചന്ദ്രൻ, മനോജ്, അരവിന്ദാക്ഷൻ നായർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.