ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധി എം.പിക്കും ഇ.ഡി നോട്ടീസ്. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2015ല്‍ ഇ.ഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ബി.ജെ.പി അന്വേഷണ ഏജന്‍സികളെ പാവകളാക്കി മാറ്റുകയാണ്. നാഷണല്‍ ഹെറാള്‍ഡിന് സ്വാതന്ത്ര്യ ചരിത്രത്തിന്റെ പാരമ്പര്യമുണ്ട്. മമത ബാനര്‍ജിയും ഫാറൂഖ് അബ്ദുല്ലയും ഉള്‍പ്പടെ പ്രതിപക്ഷ നേതാക്കളെല്ലാം അന്വേഷണ ഏജന്‍സികളുടെ ആക്രമണത്തിന് വിധേയരാവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി പ്രതികരിച്ചു. 2015ല്‍ ഇ.ഡി നാഷണല്‍ ഹെറാള്‍ഡ് കേസ് അവസാനിപ്പിച്ചതാണ്. ആളുകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ ഇ.ഡി വീണ്ടും കേസുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അഭിഷേക് സിങ്‍വി പറഞ്ഞു.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.